ചങ്ങനാശേരി: റവന്യു ടവറില്‍ വെള്ളമില്ല, ശുചിത്വമില്ല. താലൂക്ക് ആസ്ഥാനത്തു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴില് എന്ന ആശയവുമായി സ്ഥാപിച്ച ഈ ബഹുനിലകെട്ടിടം ദുരിതങ്ങളുടെ നടുവില്‍ നെട്ടംതിരിയുകയാണ്. മുപ്പതോളം സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും അഭിഭാഷകരുടേതടക്കം ഒട്ടനവധി ഓഫീസുകളും പ്രവര്‍ത്തിക്കുന്ന കെട്ടിട സമുച്ചയമാണ് വൃത്തിയും ശുചിത്വവും സുരക്ഷയുമില്ലാതെ സാംക്രമിക രോഗങ്ങള്‍ പരത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത്.
പല ശുചിമുറികളിലും ശുചിത്വമില്ലാതെ ദുര്‍ഗന്ധ പൂരിതമായതിനാല് മൂക്കുപൊത്തി കയറേണ്ട സാഹചര്യമാണുള്ളത്. അഞ്ചാംനിലയില്‍ ശുചിമുറിയിലെ പൈപ്പ് പൊട്ടി മാലിന്യം പുറത്തേക്ക് ഒഴുകുകയാണ്. ഇത് സാംക്രമിക രോഗങ്ങള്‍ക്കു കാരണമാകുമെന്ന് ടവറിലെ വിവിധ വകുപ്പുകളിലെ ജീവനക്കാരും വ്യാപാരികളും അഭിഭാഷകരും ചൂണ്ടിക്കാട്ടി.
റവന്യു ടവറിലെ കേടായിരുന്ന പ്രധാന ലിഫ്റ്റ് കഴിഞ്ഞദിവസമാണ് പ്രവര്‍ത്തന ക്ഷമമായത്. ഒരു ലിഫ്റ്റ് ഇപ്പോഴും പ്രവര്‍ത്തന ക്ഷമമല്ല. അതിനാല്‍ താലൂക്ക് ഓഫീസ് റെക്കോഡ് വിഭാഗത്തിലേക്കുള്ള ഫയലുകള്‍ ചുമന്നുകൊണ്ട് പോകേണ്ട അവസ്ഥയാണ്. ജനറേറ്റര്‍ ഇപ്പോഴും പ്രവര്‍ത്തന ക്ഷമമായിട്ടില്ല. ഈ ബഹുനില കെട്ടിടത്തില്‍ അഗ്നി സുരക്ഷയ്ക്കായി സ്ഥാപിച്ചിരിക്കുന്ന യന്ത്രസാമുഗ്രികളും വെള്ളം എത്തിക്കുന്ന പൈപ്പുകളും പ്രവര്‍ത്തന ക്ഷമമല്ല.
സംസ്ഥാന ഹൗസിംഗ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഈ കേട്ടിട സമുച്ചയത്തില്‍ താലൂക്ക് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, താലൂക്ക് ഓഫീസ് റീസര്‍വേ സൂപ്രണ്ട് ഓഫീസ്, വാണിജ്യ നികുതി ഓഫീസ്, ജോയിന്റ് ആര്‍ടി ഓഫീസ് തുടങ്ങി മുപ്പതോളം സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കോടതി സമുച്ചയം നിര്‍മിക്കുന്നതിനാല്‍ മജിസ്ട്രേറ്റ് കോടതിയും ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ദിനംപ്രതി വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി ആളുകളാണ് ടവറിലെത്തുന്നത്. ടവറിന്റെ പരിസരങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും പിടിച്ചെടുത്ത വാഹനങ്ങളും കുന്നുകൂടി കിടക്കുകയാണ്. കൂടാതെ ചുറ്റുപാടുകള്‍ കാടുകയറിയതോടൊപ്പം മാലിന്യ പൂരിതവുമാണ്. രാത്രകാലങ്ങളില്‍ ടവര്‍ വളപ്പില്‍ മദ്യപാനികളും സാമൂഹ്യവിരുദ്ധരും വിലസുന്നതായും പരാതിയുണ്ട്.
ടവറിലെ ശുചീകരണ ജോലികള്‍ കാര്യക്ഷമമാക്കണമെന്നും സൗകര്യങ്ങളും സുരക്ഷയും മെച്ചപ്പെടുത്തണമെന്നും ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്ഗനൈസേഷന് മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഹൗസിംഗ് ബോര്‍ഡിന്റെ അനങ്ങാപ്പാര സമീപനങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. മേഖലാ വൈസ് പ്രസിഡന്റ് റോഷന് വി. ആന്റോ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രകാശ് എന്‍. കങ്ങഴ ഉദ്ഘാടനം ചെയ്തു. രാജേഷ്കുമാര്‍ പി.ആര്, കെ.ജി. ലെതീഷ്, ബിജു എം.ബി, ജോമോന് വര്‍ഗീസ്, സുനില്‍കുമാര്‍ വൈ, രഞ്ജിത് ആര്. കൈമള്‍, സാം ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
വെള്ളമില്ല, ശുചിത്വമില്ല; ലിഫ്റ്റും ജനറേറ്ററും തകരാറില്‍
10:56 PM Mar 21, 2017 | Deepika.com