വെച്ചൂച്ചിറ: വെച്ചൂച്ചിറയിൽ പുതിയ 33/11 കെവി സബ്സ്റ്റേഷൻ അനുവദിച്ചതായി രാജു ഏബ്രഹാം എംഎൽഎ അറിയിച്ചു. പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇവിടെയെത്തിച്ച് വെച്ചൂച്ചിറയിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതിനായാണ് പുതിയ സബ്സ്റ്റേഷൻ സ്ഥാപിക്കുന്നത്. അതോടൊപ്പം തന്നെ കൊല്ലമുള, എരുമേലി എന്നീ കുടിവെള്ള വിതരണ പദ്ധതികൾക്കും ഇവിടെ നിന്നു വൈദ്യുതി ലഭ്യമാക്കും.
പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസിനോട് ചേർന്നുതന്നെയാണ് സബ്സ്റ്റേഷൻ നിർമിക്കുകയെന്നതിനാൽ തന്നെ പവർ ഹൗസിൽ നിന്നു ലൈൻ വലിക്കുന്നതുൾപ്പെടെയുള്ള ഭീമമായ ചെലവ് ഒഴിവാക്കാനാവും. ഫൈവ് എംവിഎ ശേഷിയുള്ള ട്രാൻസ്ഫോർമറാണ് സബ് സ്റ്റേഷനിൽ ഉപയോഗിക്കുന്നത്.
നിലവിൽ റാന്നി, പെരുനാട് സബ് സ്റ്റേഷനുകളിൽ നിന്നാണ് വെച്ചൂച്ചിറയിൽ വൈദ്യുതി എത്തുന്നത്. പെരുന്തേനരുവി പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വെച്ചൂച്ചിറ സബ് സ്റ്റേഷനിൽ നല്കാനാകും. ഇതുവഴി പ്രസരണ നഷ്ടം തടയാനും ഉയർന്ന ശേഷിയുളള വൈദ്യുതി വെച്ചൂച്ചിറക്കാർക്ക് നൽകാനുമാകും.
രാജു ഏബ്രഹാം എംഎൽഎ മുൻകൈയെടുത്ത് റാന്നിയിൽ നിന്നു പ്രത്യേക ഫീഡർ ലൈനും എരുമേലിയിൽ നിന്നു ഫീഡർ ലൈനും വലിച്ചാണ് വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം കണ്ടത്.
പുതിയ സബ്സ്റ്റേഷൻ വരുന്നതോടെ ഇവിടുത്തുകാരുടെ വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരമാകും. നാലു മാസംകൊണ്ട് സബ് സ്റ്റേഷന്റെ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
വെച്ചൂച്ചിറയിൽ പുതിയ സബ്സ്റ്റേഷൻ
10:03 PM Mar 21, 2017 | Deepika.com