ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ നിലം നികത്തി കെട്ടിട നിര്‍മാണം വ്യാപകമെന്നു ആരോപണം
09:54 PM Mar 21, 2017 | Deepika.com
തൊടുപുഴ: ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ പഞ്ചായത്ത് അധികൃതരുടെ അനുമതിയോടെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി വീടുകളും കെട്ടിടങ്ങളും നിര്‍മിച്ചതായി ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് പഞ്ചായത്തില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖകള്‍ പ്രകാരം പലതും കൃത്രിമ രേഖകള്‍ ഉപയോഗിച്ച് നിര്‍മിച്ചവയാണെന്നാണ് ആരോപണം. ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെ ഭൂമാഫിയയെ കൂട്ടു പിടിച്ചുള്ള ഈ ഇടപാടുകഴില് വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. ഇതു മൂലം പാവപ്പെട്ടവര്‍ വീടു നിര്‍മിക്കാനുള്ള അനുമതി പത്രത്തിനായി ചെല്ലുമ്പോള്‍ ഉദ്യോഗസ്ഥര്‍ വലിയ തുക കൈക്കൂലി ആവശ്യപ്പെടുകയാണ്.നിലവില്‍ ഉദ്യോഗസ്ഥര്‍ നല്കിയ അനുമതി പത്രങ്ങളില്‍ പലതിലും ഇവരുടെ ഒപ്പും പേരും ഇല്ലാതെയാണ് നല്‍കിയിരിക്കുന്നത്. അപേക്ഷകള്‍ ആകട്ടെ പലരുടെ പേരില്‍ മൊത്തമായി തയാറാക്കിയിട്ടുള്ളതാണ്. നിലംനികത്തലുമായി ബന്ധപ്പെട്ട സമിതിയില്‍ അംഗമല്ലാത്ത ആള് കൂടി അനുകൂല തീരുമാനമെടുത്ത കമ്മിറ്റിയില്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. ഉടുമ്പന്നൂര്‍, അമയപ്ര, ചീനിക്കുഴി, ഇടമറുക് മേഖലകളിലാണ് വ്യാപക നിലം നികത്തല്‍ നടന്നിരിക്കുന്നത്. അഴിമതിയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം വിജിലന്‍സിനു പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ വിജിലന്‍സ് കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.കെ.ഡൊമിനിക്, ബൂത്ത് പ്രസിഡന്റ് റെജി ജോസഫ്, ന്യൂനപക്ഷമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടോമി വേമ്പേനിക്കല്‍, വൈസ് പ്രസിഡന്റ് സി.എ.മോഹനന് എന്നിവര്‍ പങ്കെടുത്തു.