കെഎസ്യു തെരഞ്ഞെടുപ്പ്: ആലപ്പുഴ പിടിച്ച് എ ഗ്രൂപ്പ്

09:29 PM Mar 21, 2017 | Deepika.com
ആലപ്പുഴ: കെഎസ്യു ജില്ലാ പ്രസിഡന്റായി നിധിൻ എ. പുതിയിടം തെരഞ്ഞെടുക്കപ്പെട്ടു. ഐ ഗ്രൂപ്പിനു മേധാവിത്വമുള്ള ജില്ലയിൽ എ–ഗ്രൂപ്പുകാരനാണ് പ്രസിഡന്റായതെന്നതും ഈ ഗ്രൂപ്പുകാരാണ് ഏറെ നേട്ടമുണ്ടാക്കിയതെന്നതും ശ്രദ്ധേയമായി. ഏഴുവർഷത്തിനു ശേഷമാണ് കെഎസ്്യുവിൽ എ–ഗ്രൂപ്പ് ആധിപത്യം ഉറപ്പിക്കുന്നതും. ഐ ഗ്രൂപ്പിന്റെ ശക്‌തനായ നേതാവും പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തലയുടെ ജില്ലയിലാണ് ഇതെന്നതും അപ്രതീക്ഷിതമായി.

പ്രസിഡന്റ് സ്‌ഥാനത്തേക്ക് ശക്‌തമായ മത്സരം തന്നെ നടന്നു. എ–ഗ്രപ്പുകാർ വിജയക്കൊടി പാറിച്ച മറ്റു പദവികളിലും വ്യക്‌തമായ മുന്നേറ്റം ഇവർക്കുണ്ടായെന്നതും ചർച്ചയായിട്ടുണ്ട്. വൈസ്പ്രസിഡന്റുമാരായി എ. ഷമീം, എ.കെ. അഖിൽ കൃഷ്ണൻ, വിവേക് പ്രകാശ് എന്നിവരും ജനറൽ സെക്രട്ടറിമാരായി വൈശാഖ്, എ.ഡി. തോമസ്, ഗോകുൽ, വി.എം. റോസ്മേരി, സരുൺ റോയ്, അനന്തനാരായണൻ, സുഹൈർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

മുഹമ്മദ് ബിലാൽ, സോജി കോശി, എൻ.ജെ. അനന്തകൃഷ്ണൻ, അനൂപ്, ടി.എ. അർജുൻ, ഹിലാൽ ബാബു, സുജിത്ത് സി. കുമരാപുരം എന്നിവരാണ് സെക്രട്ടറിമാർ. ഇന്നലെ ആലപ്പുഴ ഡിസിസിയിൽ നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്കു എൻഎസ്യു സംസ്‌ഥാന റിട്ടേണിംഗ് ഓഫീസർ കിരൺ, ജില്ലാ റിട്ടേണിംഗ് ഓഫീസർ വിനായക് എന്നിവർ നേതൃത്വം നല്കി. കായംകുളം പുതിയിടം ശ്രീധന്യത്തിൽ ജി. അപ്പുക്കുട്ടൻനായരുടേയും വിജയലക്ഷ്മിയുടേയും മകനായ നിധിൻ തുറവൂർ സംസ്കൃത സർവകലാശാല പ്രാദേശിക പഠനകേന്ദ്രത്തിലെ ബിരുദാനന്തര ബിരുദവിദ്യാർഥിയാണ്