കടൽക്ഷോഭം ശക്‌തം; ആറുവീടുകൾ തകർന്നു

09:29 PM Mar 21, 2017 | Deepika.com
അമ്പലപ്പുഴ: ശക്‌തമായ കടൽക്ഷോ ഭത്തിൽ ആറു വീടുകൾ തകർന്നു. നിരവധി വീടുകൾ തകർച്ചാഭീഷണിയിൽ. പുറക്കാട്, അമ്പലപ്പുഴ, നീർക്കുന്നം ഭാഗങ്ങളിലാണ് ശക്‌തമായ കടൽക്ഷോഭം. തിങ്കളാഴ്ച രാത്രിയോടെ കടൽ ശക്‌തിയാർജിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ കൂടുതൽ രൂക്ഷമാകു കയായിരുന്നു. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് ഒന്നാം വാർഡിൽ ശാന്തകുമാരൻ, ദിലീപ്, സുഗതൻ, ബാലചന്ദ്രൻ ,പുരുഷൻ എന്നിവരുടെ വീടുകളും കരൂരിൽ മോഹൻദാസിന്റെയും വീടുകളാണ് പൂർണമായും തകർന്നത്. നൂറോളം വീടുകൾ ഏതു നിമിഷവും തകരാവുന്ന നിലയിലുമാണ്.

പുലിമുട്ടുകൾക്കു മുകളിലൂടെ ശക്‌തമായ തിരമാലകളടിച്ച് നിരവധി വീടുകളിലെ സാധന സാമഗ്രികൾ ഒഴുകിപ്പോയി. അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപവുമുണ്ട്. കരുർ ഗവ. എൽപി സ്കൂൾ, പുറക്കാട് പഴയ പഞ്ചായത്ത് ഓഫീസ്, കരി ലാൻഡ്, വണ്ടാനം ശിശുവിഹാർ തുടങ്ങിയ പുനരധിവാസ ക്യാമ്പുകളിൽ നിരവധി മത്സ്യതൊഴിലാളി കുടുംബങ്ങൾ സർവതും നഷ്‌ടപ്പെട്ട് കഴിയുമ്പോഴാണ് അപ്രതീക്ഷിതമായി കടൽക്ഷോഭം ഉണ്ടായിരിക്കുന്നത്. അധികൃതർ തിരിഞ്ഞു നോക്കാത്തതിൽ മത്സ്യതൊഴിലാളി കുടുംബങ്ങൾ ക്ഷുഭിതരുമാണ്. അപ്രതീക്ഷിതമായുണ്ടായ ന്യൂനമർദമാണ് കടൽക്ഷോഭത്തിനു കാരണമായതെന്നു പറയുന്നു .