മാലിന്യ നിക്ഷേപം: കരിപ്പുഴത്തോടിന് ശാപമോക്ഷമായില്ല

09:29 PM Mar 21, 2017 | Deepika.com
കായംകുളം: ലക്ഷങ്ങൾ വിനിയോഗിച്ചിട്ടും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ കരിപ്പുഴത്തോടിനു ശാപമോക്ഷമായില്ല. കായംകുളം നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന കരിപ്പുഴത്തോട് ഇപ്പോഴും ശാപമോക്ഷം തേടുകയാണ്. മാലിന്യ വാഹിനിയായി മാറിയ തോട് മാലിന്യ മുക്‌തമാക്കണമെന്നാവശ്യപ്പെട്ട് ഇന്നു വൈകുന്നേരം അഞ്ചിനു കായംകുളം സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ ജല സംരക്ഷണ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. വിവിധ പ്രദേശങ്ങളിലെ ചെറുതോടുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കരിപ്പുഴത്തോട്ടിലൂടെയാണ് കായംകുളം കായലിൽ സംഗമിക്കുന്നത്.

നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യങ്ങൾ നിക്ഷേപിക്കുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോൾ കരിപ്പുഴത്തോട്. ഹോട്ടൽ മാലിന്യങ്ങളും ഓടകൾ വഴിയെത്തുന്ന മാലിന്യങ്ങളും കോഴിവേസ്റ്റും കൊണ്ടു നിറഞ്ഞു കിടക്കുന്ന തോട് നാട്ടുകാർക്ക് ദുരിതങ്ങൾ നൽകുകയാണ്. തോട്ടിലെ വെള്ളത്തിനുപോലും കറുപ്പ് നിറമാണ്. രണ്ടുവർഷം മുമ്പു തോട് നവീകരിക്കുന്നതിനായി 70 ലക്ഷം രൂപ ചെലവഴിച്ചെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടായില്ല. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തോട്ടിലെ ചെളി നീക്കം ചെയ്തു സംരക്ഷണ ഭിത്തി കെട്ടാനായിരുന്നു തുക അനുവദിച്ചത്. എന്നാൽ നാമമാത്രമായ നിർമാണ പ്രവർത്തനങ്ങളെ നടന്നുള്ളൂ.

നഗരസഭയുടെ ഡമ്പിംഗ് ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുന്നതിനേക്കാൾ മാലിന്യം ഓരോ ദിവസവും കരിപ്പുഴ തോട്ടിലേക്കെത്തുന്നു. കനീസാ കടവ് പാലം, കാര്യാത്ത് പാലം എന്നിവയുടെ വശങ്ങളിൽ ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച മാലിന്യം കുന്നുകൂടുകയാണ്. ഇറച്ചിക്കോഴിയുടെ അവശിഷ്‌ടങ്ങൾ അഴുകിയ ദുർഗന്ധംമൂലം മൂക്കുപൊത്താതെ തോടിന്റെ വശങ്ങളിലൂടെ സഞ്ചരിക്കാൻ അവസ്‌ഥയാണ്.

പട്ടണത്തിലെ വ്യാപാരസ്‌ഥാപനങ്ങൾ, വീടുകൾ എന്നിവടങ്ങളിൽ നിന്നുള്ള മാലിന്യത്തിനു പുറമെ ദൂരെ സ്‌ഥലങ്ങളിൽ നിന്നും വാഹനങ്ങളിൽ മാലിന്യം ചാക്കിൽനിറച്ച് തോട്ടിലേക്ക് എറിയുകയാണ്. രാത്രികാലങ്ങളിൽ പാലങ്ങൾക്കു മുകളിൽ നിന്നാണ് ഈ മാലിന്യ നിക്ഷേപം. ഗുരുതരമായ ആരോഗ്യപ്രശ്നമായിട്ടും തോട്ടിലേക്കുള്ള മാലിന്യനിക്ഷേപം തടയാൻ യാതൊരു നടപടിയും ഉണ്ടാകുന്നുമില്ല. ഇതിനെതിരേ ജനങ്ങളുടെ പ്രതിഷേധം ശക്‌തമായിരിക്കുകയാണ്.