മാലിന്യകേന്ദ്രമായി ജലസ്രോതസുകൾ, പൊറുതിമുട്ടി ജനം

09:29 PM Mar 21, 2017 | Deepika.com
അമ്പലപ്പുഴ: മാലിന്യം നിറഞ്ഞ തോടുകൾ ജനങ്ങൾക്ക് ദുരിതം സമ്മാനിക്കുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 12–ാംവാർഡ് കമ്പിവളപ്പ് പ്രദേശമാണ് ജലസ്രോതസുകളിൽ കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യം മൂലം പൊറുതിമുട്ടിയിരിക്കുന്നത്. ചെറുതും വലുതുമായ അനേകം തോടുകളാൽ ചുറ്റപ്പെട്ടിരുന്ന ഈ പ്രദേശത്ത് ഒരു കാലത്ത് ശുദ്ധജല വാഹിനികളായിരുന്ന തോടുകൾ ഗുരുതരമായ ആരോഗ്യ പരിസ്‌ഥിതി പ്രശ്നങ്ങൾ സൃഷ്‌ടിച്ച് പ്രദേശവാസികൾക്കു ഏറെ ഭീഷണിയായിരിക്കുകയാണ്. മൂക്കുപൊത്താതെ ഇതു വഴിയാത്ര ചെയ്യാൻ കഴിയാത്ത അവസ്‌ഥയാണ്.

പ്രധാനമായും ചെമ്മീൻ സംസ്കരണ കേന്ദ്രങ്ങളിൽ നിന്നും നേരിട്ട് മലിനജലം തോട്ടിലേക്കു നിക്ഷേപിക്കുന്നതാണ് തോടുകൾ വൃത്തിഹീനമാകാൻ കാരണം. കൂടാതെ തോടുകളിലെ നീരൊഴുക്കു നിലച്ചതും മാലിന്യം കെട്ടിക്കിടക്കാൻ കാരണമായി. വൃക്ഷത്തലപ്പുകൾ തോട്ടിലേക്കു ചാഞ്ഞിറങ്ങിയതും വ്യാപകമായ തോട് കൈയേറ്റവും മൂലം തോട് ഇടുങ്ങി ചെറുതായതും കിഴക്ക് കൃഷി ഭൂമിക്കു മലിനജലം ഭീഷണിയായതിനാൽ കർഷകർ കാപ്പിത്തോടിനു കുറുകെ മുട്ടിടുന്നതുമാണ് നീരൊഴുക്കിനു തടസമാകുന്നത്. മാലിന്യം നിക്ഷേപിക്കുന്നവർ തന്നെ തോട് കൈയേറിയതാണു ഈ കഥയിലെ മറ്റൊരു വിരോധാഭാസം. 20 മീറ്ററുകളോളം വീതിയുണ്ടായിരുന്ന കമ്പിവളപ്പിലെ പ്രധാന തോടിന്റെ ചില ഭാഗങ്ങളിൽ നിലവിൽ രണ്ടുമീറ്റർ പോലും വീതിയില്ലാത്ത അവസ്‌ഥയിലാണ്. ജലനിരപ്പ് ഏറെ ഉയർന്നതും താഴ്ന്ന പ്രദേശവുമായ കമ്പിവളപ്പിനെ മഴക്കാലക്കെടുതിയിലെ വെള്ളകെട്ടിൽ നിന്നും സംരക്ഷിച്ചിരുന്നത് ഇവിടുത്തെ തോടുകളായിരുന്നു. ഇവിടെ പതിക്കുന്ന മഴവെള്ളം തോടുകളിലൂടെ കാപ്പിത്തോട്ടിലെത്തി പൂക്കൈതയാറ്റിൽ എത്തിച്ചേർന്നിരുന്നു. എന്നാൽ ഇന്നത്തെ അവസ്‌ഥ അങ്ങനെയല്ല.

കാലവർഷത്തിൽ ഇവിടെ പതിക്കുന്ന മഴവെള്ളം തോടുകളിൽ നിറഞ്ഞൊഴുകി മലിനജലം ഓരോ വീട്ടുമുറ്റത്തേക്കുമെത്തുകയാണ്. പ്രദേശത്ത് നിറയുന്ന മലിനജലത്തിൽ നിന്നുള്ള ദുർഗന്ധവും ഇതിൽ നിന്നു വമിക്കുന്ന വിഷവാതകവും പ്രദേശവാസികളെ ത്വക്രോഗമടക്കം വിവിധ രോഗങ്ങൾ കീഴടക്കുകയാണ്. ഇതിനാൽ മഴക്കാലത്തെ ഏറെ ഭയാശങ്കയോടെയാണ് നാട്ടുകാർ നോക്കിക്കാണുന്നത്. കൂടാതെ ഇവിടെ കിണറുകളും കുളങ്ങളുമടക്കമുള്ള ശുദ്ധജല സ്രോതസുകളും മലിനമായതു മൂലം കുടിവെള്ളവും കിട്ടാക്കനിയാണ്.

വാട്ടർ അഥോറിറ്റിയുടെ ജലമെത്തുന്നുണ്ടെങ്കിലും അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളും പല സ്‌ഥലങ്ങളിലും കുഴലുകൾ പൊട്ടിക്കിടക്കുന്നതുംമൂലം കക്കൂസ് മാലിന്യമുൾപ്പെടെയുള്ളവ പൈപ്പുവെള്ളത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചെറിയ തോടുകൾ നികത്തിയതും ചിലത് റോഡായി മാറിയതും ദുരിതമായി. മാലിന്യ രഹിത പഞ്ചായത്താക്കാൻ അധികൃതർ കോടികൾ തുലയ്ക്കുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പ് പഞ്ചായത്തധികൃതരും ഈ പ്രദേശത്ത് പേരിനെന്തെങ്കിലും തട്ടിക്കൂട്ടുന്നതല്ലാതെ പ്രദേശത്തെ രക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാറില്ലെന്നാണ് ആക്ഷേപം.