പുക വലിച്ചതിന് 200 രൂപ പിഴയ്ക്ക് പകരം ഈടാക്കിയത് 2000 രൂപ

06:42 AM Mar 21, 2017 | Deepika.com
തൊടുപുഴ: പൊതുസ്‌ഥലത്തെ പുകവലിക്ക് തൊടുപുഴയിൽ എക്സൈസ് വകുപ്പിന്റെ പിഴ 2000 രൂപ. ഇന്നലെ തൊടുപുഴ സ്വദേശി മുനീറിനാണ് തൊടുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ രസീതിൽ 2000 രൂപ പിഴയിട്ടത്.

പൊതു സ്‌ഥലത്ത് പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വിലക്കുന്ന 2003 ലെ കോട്പ നിയമപ്രകാരമാണ് ഈ കനത്ത പിഴയെന്നാണ് രസീതിൽ പറയുന്നത്. അതേ സമയം യഥാർഥത്തിൽ നിയമപ്രകാരം ചുമത്താവുന്ന പരമാവധി പിഴ 200 രൂപ മാത്രമാണ്. ബുക്ക് നമ്പർ 6097 ലെ ബിപി 609700 നമ്പർ രസീതാണ് നൽകിയിരിക്കുന്നത്.

ഇന്നലെ വൈകിട്ട് ആറിനാണ് കാഞ്ഞിരമറ്റം റോഡിലെ കടയ്ക്ക് പിന്നിൽ നിന്നും സിഗരറ്റ് വലിക്കുകയായിരുന്ന മുനീറിനെയും സുഹൃത്തിനേയും ജീപ്പിലെത്തിയ എക്സൈസ് സംഘം പിടിച്ചത്. പുകവലിച്ചതിന് 2000 രൂപ പിഴയൊടുക്കണമെന്നും ഇല്ലെങ്കിൽ ജീപ്പിൽ കയറാനുമായിരുന്നു നിർദേശം. ഇവരുടെ ചിത്രം പകർത്താനും ശ്രമിച്ചു. ഭയന്നു പോയ യുവാക്കൾ 2000 രൂപ നൽകി. പിന്നീട് ഇവർ അന്വേഷിച്ചപ്പോഴാണ് യഥാർഥത്തിൽ പിഴ 200 രൂപ മാത്രമേ ഉള്ളൂവെന്ന് വ്യക്‌തമായത്.

ഇതേ തുടർന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകിയിരിക്കുകയാണ് മുനീർ. ഇതേ സമയം 200 രൂപ മാത്രമേ ഈടാക്കിയിട്ടുള്ളൂവെന്നും എഴുതിയ ഉദ്യോഗസ്‌ഥർക്കു തെറ്റി പോയതാണെന്നുമാണ് എക്സൈസ് ഉദ്യോഗസ്‌ഥരുടെ നിലപാട്. രസീത് ബൂക്കിൽ വെറുതെ 2000 രൂപ എഴുതിയാൽ ഉദ്യോഗസ്‌ഥർക്കും നഷ്‌ടം സംഭവിക്കില്ലേയെന്ന ചോദ്യത്തിനു മറുപടിയില്ല.