ചാണോക്കുണ്ടിൽ റോഡിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു
01:56 AM Mar 21, 2017 | Deepika.com
ആലക്കോട്: റോഡരികിലെ മരം കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ചാണോക്കുണ്ട് ടൗണിൽ തടിക്കടവിലേക്ക് പോകുന്ന റോഡിനു സമീപത്തെ വാക ഇനത്തിൽപെട്ട കൂറ്റൻ മരമാണ് കടപുഴകി വീണത്. ഞായറാഴ്ച രാത്രി 10 ഓടെയായിരുന്നു സംഭവം. ഇതിനെ തുടർന്ന് മണിക്കൂറുകളോളം തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡിൽ ഗതാഗതം തടസപ്പെട്ടു. രാത്രിയായതിനാലും സംഭവസമയത്ത് ഇതുവഴി വാഹനങ്ങൾ കടന്നു പോകാത്തതിനാലുമാണ് വൻ ദുരന്തം ഒഴിവായത്. വൈദ്യുതി ലൈൻ പൊട്ടിയതിനാൽ ആലക്കോട് മേഖലയിലെ വൈദ്യുതി വിതരണം തടസപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ഫയർഫോഴ്സും പോലീസും എത്തിയാണ് മരം റോഡിൽ നിന്നും മുറിച്ചു മാറ്റിയത്.