കണ്ണൂർ: കുഞ്ഞു പൗച്ച് രൂപത്തിൽ കൈപ്പിടിയിൽ ഒതുക്കാവുന്ന ആവശ്യത്തിനനുസരിച്ചു നിവർത്തി എടുക്കാനാവുന്ന തുണിസഞ്ചി. കണ്ടുപഴകിയവയ്ക്കു പകരമായി ആരെയും ആകർഷിക്കുന്ന സൗകര്യപ്രദമായ രൂപത്തിലുളള സഞ്ചികളാണു തുണിസഞ്ചി പ്രദർശന വിപണനമേളയുടെ മുഖ്യആകർഷണം. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ടൗണ്സ്ക്വയറിലാണു പ്രദർശനം. ഏപ്രിൽ രണ്ടിനു ജില്ലയെ പ്ലാസ്റ്റിക് കാരിബാഗ് മുക്തമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണു കുടുംബശ്രീ ജില്ലയിലെ തുണിസഞ്ചി നിർമാണ സംരംഭകരെ പങ്കെടുപ്പിച്ചു മേള സംഘടിപ്പിച്ചത്.
പ്രകൃതിക്കു ദോഷകരമാകുന്ന പ്ലാസ്റ്റിക് വേണ്ടെന്നു ജനങ്ങൾ സ്വയം തീരുമാനമെടുത്താൽ നിരോധനത്തിനു നിയമം നടപ്പാക്കേണ്ട ആവശ്യം വരില്ലെന്നു മേള ഉദ്ഘാടനം ചെയ്ത ജില്ലാകളക്ടർ മിർമുഹമ്മദ് അലി പറഞ്ഞു. നാലാഴ്ചയിൽ 10 ലക്ഷം പ്ലാസ്ററിക് കവറുകൾ ജില്ലയിൽ വിൽക്കപ്പെടുന്നുവെന്നാണു കണക്ക്. ഇതിന്റെ ദൂഷ്യഫലം അറിയണമെങ്കിൽ ജില്ലയിലെ പുഴകളും തോടുകളും നോക്കിയാൽ മതി. കണ്ണൂർ പ്ലാസ്റ്റിക്കിന്റെ നാട് എന്നറിയപ്പെടാതെ കൈത്തറിത്തുണിയുടെ നാട് എന്ന് തന്നെ അറിയപ്പെടാൻ സമൂഹം കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും കളക്ടർ പറഞ്ഞു. ഒന്നിലധികം കവറുകൾ വാങ്ങുന്നത് ഒഴിവാക്കി തുണിസഞ്ചി സ്ഥിരമായി ഉപയോഗിക്കാൻ ശ്രമിക്കണമെന്നും തുണിസഞ്ചി പ്രചാരണത്തിനു കുടുംബശ്രീ ഒരുക്കിയ മേള ജില്ല മുഴുവൻ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപഞ്ചായത്തിന്റെയും ജില്ലാഭരണകൂടത്തിന്റെയും സഹകരണത്തോടെ നടക്കുന്ന വിപണനമേളയിൽ 61 കുടുംബശ്രീ യൂണിറ്റുകളും മയ്യിൽ, കൊട്ടിയൂർ, ചെന്പിലോട്, ഏഴോം, ആറളം ഗ്രാമശ്രീ അപ്പാരൽ യൂണിറ്റുകളുമാണ് ആദ്യദിനം ഉത്പന്നങ്ങളുമായെത്തിയത്. സ്കൂൾ ബാഗുകൾ, ഫയൽ ഫോൾഡർ, ട്രാവലർബാഗ് തുടങ്ങി 10 രൂപ മുതൽ 700 രൂപ വരെ വിലവരുന്ന വിവിധതരം തുണിസഞ്ചികൾ മേളയിലുണ്ട്.
കുടുംബശ്രീ തയ്യൽ യൂണിറ്റുകൾക്കൊപ്പം ഇരിണാവ് വീവേഴ്സ്, കേരള ദിനേശ്, ഗ്രാമം അഴീക്കോട് എന്നിവയുടെ ഉത്പന്നങ്ങളും ശ്രീകണ്ഠപുരത്തെ മലബാർ ഫാംഡിഷിന്റെ പാളപ്ലേറ്റുകളും വിൽപ്പനയ്ക്കുണ്ട്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേള 22 ന് വൈകുന്നേരം സമാപിക്കും. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ടി.ടി റംല അധ്യക്ഷത വഹിച്ചു.
ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.പ്രകാശൻ, ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ ദിലീപ്കുമാർ, കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ഡോ എം.സുർജിത്, അസി.കോ-ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ എന്നിവർ സംസാരിച്ചു.
അഴകാർന്ന തുണിസഞ്ചികളുമായി കുടുംബശ്രീ വിപണനമേള
01:55 AM Mar 21, 2017 | Deepika.com