ഇരുമ്പ കാച്ചാണി റോഡിന്റെ ശിലാഫലകം നശിപ്പിച്ചു
01:08 AM Mar 21, 2017 | Deepika.com
വിതുര: അരുവിക്കര പഞ്ചായത്തിലെ ഇരുമ്പ കാച്ചാണി റോഡിന്റെ നിർമാണോദ്ഘാടനത്തിന് സ്ഥാപിച്ച ശിലാഫലകം സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. മന്ത്രി ജി.സുധാകരൻ നിർമാണോദ്ഘാടനം നിർവഹിച്ച റോഡിന്റെ ശിലാഫലകമാണ് കഴിഞ്ഞ ദിവസം രാത്രിയോടെ നശിപ്പിച്ചത്. മന്ത്രിയുടെയും ശബരീനാഥൻ എംഎൽഎയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചിട്ടുണ്ട്. റോഡിന്റെ നിർമാണോദ്ഘാടനവുമായി ബന്ധപ്പെട്ടു ജനപ്രതിനിധികളുടെ കൂട്ട ബഹിഷ്ക്കരണം വരെ നടന്നിരുന്നു. ഇടത് പക്ഷത്തെ പ്രമുഖനായ മന്ത്രി ചടങ്ങിനെത്തിയിട്ടും പ്രാദേശിക ഇടത് പ്രതിനിധികൾ ആരും തന്നെ വരാത്തത് വലിയ പ്രതിഷേധത്തിന് വഴി വച്ചിരുന്നു. ഉദ്ഘാടന പ്രസംഗത്തിൽ പരിപാടി ബഹിഷ്ക്കരിച്ച ഇടത് പ്രതിനിധികൾക്കെതിരെ മന്ത്രിയും വിമർശനം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് ശിലാഫലകവും അടിച്ചു തകർത്തത്. നാടിന്റെ വികസനത്തിൽ അസഹിഷ്ണുത പൂണ്ടവരാകാം ഇതിനു പിന്നിലെന്നും ഇത് തികച്ചും അപലപനീയവും ദൗർഭാഗ്യകരമാണെന്നും ശബരീനാഥൻ എംഎൽഎ കുറ്റപ്പെടുത്തി.