മാനന്തവാടി: പോലീസുകാരനെ മർദ്ദിച്ചുവെന്നാരോപിച്ച്് സഹോദരനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച പോലീസുകാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് തൊട്ടിൽപ്പാലം കാവിലുംപാറ ഓടാരകുന്നേൽ ഷാജി ആവശ്യപ്പെട്ടു.
പരിശോധനയ്ക്കിടെ വാഹനം നിർത്തിയില്ലെന്നാരോപിച്ചാണ് റോയിയെ ഭാര്യവീട്ടിൽ നിന്നും ബലമായി പിടിച്ചുകൊണ്ടുപോയി പുൽപ്പള്ളി അഡീഷണൽ എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് ലോക്കപ്പിലിട്ട് ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ റോയിക്ക് ഇപ്പോൾ എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ബത്തേരി കോടതിയിലെ മജിസ്ട്രേട്ടിന്റെ നിർദേശപ്രകാരമാണ് റോയിയെ മാനന്തവാടി ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചത്. റോയിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസുകാർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസേടുത്ത സാഹചര്യത്തിൽ മർദ്ദനത്തിന് കൂട്ട് നിന്ന പോലീസുകാർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണം. പോലീസ് മർദ്ദനത്തിന് എതിരെ മുഖ്യമന്ത്രി ഡിജിപി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമ്മീഷൻ, പോലീസ് കംപ്ലയിന്റ് അഥോറിറ്റി എന്നിവർക്ക് പരാതി നൽകുമെന്ന് ഷാജി പറഞ്ഞു.
പോലീസുകാർക്കെതിരേ നടപടിയെടുക്കണം
12:40 AM Mar 21, 2017 | Deepika.com