എൻജിനീയറിംഗ് കോളജുകൾ മാനവിക വിഷയങ്ങളിലെ പഠനത്തിനും കൂടി പ്രാമുഖ്യം നല്കണമെന്ന് ഡോ. കുഞ്ചെറിയ ഐസക്

08:17 PM Feb 19, 2017 | Deepika.com
പാറ്റൂർ: എൻജിനീയറിംഗ് കോളജുകളിൽ അക്കാദമിക വിഷയങ്ങൾക്കു പുറമേ നാടകവും നൃത്തവും അടക്കമുള്ള മാനവിക വിഷയങ്ങളും കരിക്കുലത്തിന്റെ ഭാഗമാക്കണമെന്ന് എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാല വൈസ്ചാൻസലർ ഡോ. കുഞ്ചെറിയ ഐസക്. നാഷണൽ സർവീസ് സ്കീം നല്കുന്ന പ്ലാറ്റ്ഫോം ഇത്തരം പഠനങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാർ യുവജനകാര്യ കായിക മന്ത്രാലയം യുവജനങ്ങളിലെ സന്നദ്ധ സേവന താല്പര്യം വർധിപ്പിക്കാൻ ഉദ്ദേശിച്ചു നടപ്പാക്കുന്ന യുവനേതൃത്വ പരിപോഷണ പദ്ധതി പ്രകാരമുള്ള പ്രഥമ നാഷണൽ യംഗ് ലീഡേഴ്സ് അവാർഡുകൾ കേരളത്തിലെ നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ കീഴിലുള്ള നാലു എൻഎസ്എസ് യൂണിറ്റുകൾക്ക് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ സർവീസ് സ്കീം സാധാരണയായി ചെയ്യുന്ന 120 മണിക്കൂർ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കു പുറമേ നൂറുമണിക്കൂറിൽ കൂടുതൽ ശ്രമദാന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച എൻഎസ്എസ് യൂണിറ്റുകളിൽ നിന്നും മികച്ചവർക്കാണ് പുരസ്കാരം നല്കിയത്.

പാലക്കാട് ഗവൺമെന്റ് പോളിടെക്നിക് കോളജിനാണ് ഒന്നാംസ്‌ഥാനം. തിരൂരങ്ങാടി എ.എൻ.എം മെമ്മോറിയൽ ഗവൺമെന്റ് പോളിടെക്നിക് കോളജ് രണ്ടാംസ്‌ഥാനവും നേടി. നെടുപുഴ ഗവൺമെന്റ് വനിതാ പോളിടെക്നികും തിരുവനന്തപുരം എസ്്സിടി എൻജിനീയറിംഗ് കോളജും തൊട്ടടുത്ത സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. വിജയികൾക്ക് യഥാക്രമം 40,000 രൂപ, 35,000 രൂപ, 25,000 രൂപ, ഫലകം പ്രശസ്തി പത്രം എന്നിവയാണ് നല്കിയത്.

ചടങ്ങിൽ ശ്രീബുദ്ധ കോളജ് ഓഫ് എൻജിനീയറിംഗ് ചെയർമാൻ പ്രഫ കെ. ശശികുമാർ അധ്യക്ഷനായി. നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ സംസ്‌ഥാന പ്രോഗ്രാം കോ–ഓർഡിനേറ്റർ അബ്ദുൾ ജബ്ബാർ അഹമ്മദ്, സംസ്‌ഥാന എൻഎസ്എസ്് ഓഫീസർ ഡോ. കെ. പ്രകാശ്, ശ്രീബുദ്ധ കോളജ് ഓഫ് എൻജിനീയറിംഗ് സെക്രട്ടറി കെ.ബി. മനോജ്, ട്രഷറർ കെ.കെ. ശിവദാസൻ, പ്രിൻസിപ്പൽ ഡോ. സുരേഷ്ബാബു, ജസ്റ്റിൻ ജോസഫ്, എം. വിജയകുമാർ, വി.എസ്. വിഷൂ എന്നിവർ പ്രസംഗിച്ചു.