പയ്യാവൂർ ഉത്സവം: ഓമനക്കാഴ്ചക്കുള്ള കുലകൾ പഴുക്കാൻവച്ചു
01:33 AM Feb 19, 2017 | Deepika.com
ശ്രീകണ്ഠപുരം: പയ്യാവൂർ ഊട്ടുൽസവത്തിന്റെ ഭാഗമായുള്ള ചൂളിയാട് നിവാസികളുടെ ഓമനക്കാഴ്ച്ചക്കുള്ള അടുക്കൻ കുലകൾ പഴുക്കാൻവച്ചു. അഡുവാപ്പുറത്തെ തൈവളപ്പ്, മഠപ്പുരക്കൽ, ചെമ്പോച്ചേരി, തടത്തിൽകാവ് എന്നിവിടങ്ങളിലാണു പ്രത്യേകം കുഴികളെടുത്തു വാഴക്കുലകൾ പഴുക്കാൻവച്ചത്. കുലകൾ 21 ന് രാവിലെ പുറത്തെടുത്തു കെട്ടിത്തൂക്കും. 22 നാണ് ഓമനക്കാഴ്ച്ച. രാവിലെ 11 ഓടെ തടത്തിൽകാവിൽ നിന്ന് അടുക്കൻ കുലകളുമായി നൂറുകണക്കിന് വിശ്വാസികൾ കാൽനടയായി പയ്യാവൂരിലേക്കു പോകും. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടികളോടെ ശുഭ്രവസ്ത്രധാരികളായി നഗ്നപാദരായാണു വിശ്വാസികൾ കാഴ്ച്യിൽ പങ്കെടുക്കുക. 15 കിലോമീറ്ററോളം ദൂരം നടന്നു കണിയാർവയൽ, വയക്കര, ബാലങ്കരി, കാഞ്ഞിലേരി വഴി വൈകുന്നേരം അഞ്ചോടെ കാഴ്ച പയ്യാറ്റുവയലിൽ എത്തും. ദേവസ്വം അധികൃതരും നെയ്യമൃതുകാരും അനകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കാഴ്ചയെ സ്വീകരിച്ചു ക്ഷേത്രത്തിലേക്ക് ആനയിക്കും.