താലൂക്ക് ആശുപത്രിയിൽ മലിനജലം കെട്ടിനിന്നു കൊതുകു പെരുകുന്നു

11:43 PM Feb 18, 2017 | Deepika.com
ആലത്തൂർ: താലൂക്കാശുപത്രിയിൽ വാർഡുകൾക്ക് സമീപം മലിനജലം കെട്ടിനിന്ന് ദുർഗന്ധത്തിനു പുറമേ കൊതുകും വ്യാപകമായി വർധിക്കുന്നതായി പരാതി. സ്ലാബുകൾ മൂടാത്തതാണ് അസഹ്യമായ ദുർഗന്ധത്തിനും കൊതുകു ശല്യത്തിനും കാരണമാകുന്നത്.

രോഗികൾക്കുപുറമേ ജീവനക്കാർക്കും ഇതു ദുരിതമാണ്. ചാലിലെ വെള്ളം ഒഴുകിയെത്തുന്നത് പുറകുവശത്തെ തോട്ടിലാണ്. മഴയില്ലാത്തപ്പോൾ കെട്ടി നില്ക്കുന്ന രോഗാണുക്കൾ നിറഞ്ഞ മലിനജലം മഴക്കാലമാകുമ്പോൾ കുത്തിയൊലിച്ച് ഗായത്രി പുഴയിലെത്തുന്നു. ഈ വെള്ളമാണ് കാവശേരി, തരൂർ പഞ്ചായത്തുകളുടെ കുടിവെള്ളമാണ്. വേനൽകാലത്ത് ശുചിത്വബോധവത്കരണവുമായി ഇറങ്ങുന്ന ആരോഗ്യവകുപ്പും ഇക്കാര്യം മറച്ചുവയ്ക്കുന്നു എന്നതും ആക്ഷേപത്തിന് ഇടവരുത്തുന്നു.ആശുപത്രിവളപ്പിൽ ടാങ്ക് നിർമിച്ച്അതിലേക്ക് മലിനജലം ഒഴുക്കി സംസ്കരിച്ചശേഷമേ പുറത്തേക്ക് ഒഴുക്കാവൂ എന്നാണ് വ്യവസ്‌ഥയെങ്കിലും നൂറ്റിപതിനൊന്ന് വർഷം പിന്നിട്ട താലൂക്കാശുപത്രിയിൽ അതിനുള്ള സംവിധാനം ഇതുവരെ ഒരുക്കിയിട്ടില്ല.