അനധികൃത അറവുശാലകൾ വ്യാപകം

11:42 PM Feb 18, 2017 | Deepika.com
തൊടുപുഴ: നഗരത്തിൽ പതിനഞ്ചിലധികം അനധികൃത അറവുശാലകൾ പ്രവർത്തിക്കുമ്പോൾ നഗരസഭയുടെ അറവുശാല പത്ത് വർഷമായി കാടുപിടിച്ച നിലയിൽ. അറവുശാലയിലെ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ നിർമാണം തുടങ്ങിയ ബയോഗ്യാസ് പ്ലാന്റും പൂർത്തിയാകാതെ കിടക്കുന്നു.

നഗരസഭകളിൽ പലതും ആധുനിക അറവുശാലകൾ നിർമ്മിച്ച് വിജയകരമായി പ്രവർത്തനം നടത്തുമ്പോഴും തൊടുപുഴയിൽ ഒരടിപോലും മുന്നോട്ട് പോയിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നു. നഗരസഭയുടെ ആദ്യ ഭരണ സമിതിയുടെ കാലത്തായിരുന്നു മാർക്കറ്റിൽ അറവുശാല നിർമ്മിച്ചത്. നഗരപ്രദേശത്തുള്ള മാംസവിൽപ്പന കേന്ദ്രവത്കരിക്കുകയായിരുന്നു ലക്ഷ്യം. തുടർന്നുള്ള ഭരണ സമിതികൾ ചെറിയ രീതിയിൽ അറവുശാല നവീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2005 ലാണ് ബയോഗ്യാസ് പ്ലാന്റ് സ്‌ഥാപിക്കുന്നത്. ആദ്യ കാലത്ത് വളരെ നല്ല രീതിയിലാണ് പ്ലാന്റ് പ്രവർത്തിച്ചത്. ഇതിൽ നിന്ന് ലഭിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് മാർക്കറ്റിലേയും മുനിസിപ്പൽ മൈതാനിയിലേയും തെരുവു വിളക്കുകൾ കത്തിച്ചിരുന്നു. എന്നാൽ ചേരാത്ത വസ്തുക്കൾ നിക്ഷേപിച്ചത് കാരണം പ്ലാന്റ്് പ്രവർത്തന രഹിതമാകുന്നതാണ് പിന്നീടു കാണാൻ കഴിഞ്ഞത്. പിന്നീട് വീണ്ടും ആദ്യം മുതൽ പ്ലാന്റ് നിർമിച്ചു തുടങ്ങി.

ഇതിനിടയിൽ അനാരോഗ്യമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്നു എന്ന് കാണിച്ച് അറവുശാലയ്ക്ക് 2007 ൽ സ്റ്റോപ്പ് മെമ്മോ നൽകി. അതോടെ അറവുശാല ചുവപ്പു നാടയിൽ കുരുങ്ങുകയായിരുന്നു. ബയോഗ്യാസ് പ്ലാന്റിന്റെ നിർമാണവും നിലച്ചു. ഇപ്പോൾ രണ്ടും കാടുപിടിച്ച് കിടക്കുകയാണ്. മാർക്കറ്റിലെ മാലിന്യങ്ങളെല്ലാം ഇതിന് മുമ്പിലും കൊണ്ടുവന്ന് നിക്ഷേപിച്ചിട്ടുണ്ട്. ക്ലീൻ കേരള പദ്ധതി പ്രകാരം തൊടുപുഴ നഗരസഭയെ സമ്പൂർണ മാലിന്യ നിർമാർജന നഗരസഭയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അറവുശാലയുടെയും ബയോഗ്യാസ് പ്ലാന്റിന്റെയും കാര്യത്തിൽ തീരുമാനം ആയാൽ നഗരത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽ അറവുശാലകളിലെ മാലിന്യങ്ങൾ തൊടുപുഴയാറ്റിലാണ് പലരും നിക്ഷേപിക്കുന്നത്. പുഴയിൽ മാലിന്യം നിക്ഷേപിച്ചവരെ അടുത്തിടെ പിടികൂടുകയും ചെയ്തിരുന്നു. ഗർഭിണിയായ പശുവിനെ കശാപ്പു ചെയ്തശേഷം അവശിഷ്‌ടങ്ങൾ തൊടുപുഴയാറ്റിൽ നിക്ഷേപിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. ക്ലീൻ കേരള പദ്ധതിയിൽ അറവുശാലയും ബയോഗ്യാസ് പ്ലാന്റും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവ പ്രവർത്തന സജ്‌ജമാക്കാൻ എത്രത്തോളം ഇച്ഛാശക്‌തി കാണിക്കുമെന്ന് കണ്ടറിയണം.