കുടിവെള്ള സമരം: നിരാഹാരം രണ്ടുദിനം പിന്നിട്ടു

11:42 PM Feb 18, 2017 | Deepika.com
അറക്കുളം: കുടിവെള്ളത്തിനായുള്ള ജനങ്ങളുടെ നിരാഹാരസമരം രണ്ടു ദിവസം പിന്നിട്ടു. അറക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്കു കുടിവെള്ളം വിതരണം ചെയ്യുന്ന പന്ത്രണ്ടാം മൈലിലെ പമ്പ് ഹൗസിൽ പമ്പിംഗിനുള്ള വെള്ളം ഇല്ലാത്തതു മൂലമാണ് കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുന്നത്. ശുദ്ധജലം വിതരണം ചെയ്യുക, പമ്പിംഗ് കൃത്യമായി നടത്തുക, പൊട്ടിയ പൈപ്പുകൾ നന്നാക്കുക, എല്ലാവർക്കും കുടിവെള്ളം എത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാര സമരം നടത്തുന്നത്. 40 വർഷം മുമ്പു ആരംഭിച്ച പമ്പ് ഹൗസിൽ നിന്നാണ് അറക്കുളം മൂലമറ്റം പ്രദേശങ്ങളിലേയ്ക്ക് കുടിവെളളം വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫിൽട്ടർ ടാങ്കും, കിണറും, മോട്ടോർ പുരയുമെല്ലാം നശിച്ചു ശോചനീയാവസ്‌ഥയിലാണ്. ഇടിഞ്ഞു പോയ ഫിൽട്ടർ ടാങ്കും, കിണറും ഇതുവരെ പുനഃസ്‌ഥാപിക്കാൻ വാട്ടർ അഥോറിറ്റി അധികൃതർ ശ്രമിച്ചിട്ടില്ല.

വർഷങ്ങളായി ആറ്റിലെ വെളളം നേരിട്ട് പമ്പ് ചെയ്താണ് കുടിവെള്ളമായി വിതരണം ചെയ്യുന്നത്. പമ്പ് ഹൗസിലെ കിണറിന്റെ അടി പാറയാണ്. ഇതിന് സമീപത്ത് മണൽ ഒഴുകി വന്നടിഞ്ഞ് കിടക്കുന്നതിനാൽ പുഴയും കിണറും ഒരേ നിരപ്പിലാണ്. ഇതിനാൽ ആറ്റിൽ വെളളം കുറയുമ്പോൾ താഴ്ന്ന ഭാഗത്തുകൂടെ വെളളമൊഴുകുന്നതുമൂലം ഈ സമയങ്ങളിൽ പമ്പ് ഹൗസിൽ വെള്ളമെത്താറില്ല. ഇങ്ങനെ വെള്ളമില്ലാതെ മാസങ്ങളോളം പമ്പിംഗ് മുടങ്ങിയിട്ടുണ്ട്. വെളളത്തിന്റെ ഒഴുക്ക് തിരിച്ച് വിട്ടാലെ പമ്പ് ഹൗസിൽ വെളളമെത്തുകയുളളു. വേനൽകാലത്തും പവർഹൗസ് നിർത്തിവയ്ക്കുമ്പോഴും ജെസിബി ഉപയോഗിച്ച് മണൽ നീക്കം ചെയ്തു വെളളത്തിന്റെ ഒഴുക്കു തിരിച്ചുവിടുന്നത് കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന പ്രക്രിയയാണ്. ഇങ്ങനെ നിരവധി തവണ വെള്ളം തിരിച്ചുവിട്ടാലെ പമ്പ് ചെയ്യാൻ സാധിക്കൂ.

വെളളത്തിനു ക്ഷാമമുണ്ടാകുബോൾ പഞ്ചായത്തോ വാർഡ് മെംബറോ താല്പര്യമെടുത്ത് ജെസിബി ഉപയോഗിച്ചു വെളളം തിരിച്ചുവിടുകയാണ് പതിവ്. വർഷങ്ങളായിട്ടുള്ള ഈ ദുരിതത്തിനു പരിഹാരമുണ്ടാകണമെന്ന ആവശ്യവുമായാണ് അറക്കുളം നിവാസികൾ നിരാഹാര സമരത്തിലേയ്ക്ക് കടന്നത്. കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാട്ടർ അഥോറിട്ടിഅധികൃതർക്കു നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ എഎക്സ്ഇ വെള്ളിയാഴ്ച സ്‌ഥലം സന്ദർശിച്ച് ജെസിബി ഉപയോഴിച്ച് ചാലുകീറി പമ്പ് ഹൗസിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ നടത്തി. പുഴയുടെ ഒഴുക്കുള്ള ഭാഗത്തു കിണറു സ്‌ഥാപിച്ച് പൈപ്പ് ലൈൻ ഇട്ട് പമ്പ് ഹൗസിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ നടത്തണമെന്ന നാട്ടുകാരുടെ ആവശ്യപ്രകാരം ഇന്നലെ പൈപ്പുകൾ കൊണ്ടുവന്ന് പണി ആരംഭിക്കുകയും ചെയ്തു.

എന്നാൽ വെള്ളം പമ്പ് ഹൗസിൽ എത്തിച്ചു പമ്പിംഗ് നടത്താതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരത്തിനു നേതൃത്വം നൽകുന്ന ബിജു കാനകാട്ടിൽ അറിയിച്ചു. രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞ അറക്കുളത്തെ ജലനിധി പദ്ധതികളും അവതാളത്തിലായി. ഇടുക്കി ഡാമിലെ വെള്ളമുപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ചശേഷം ഒഴുക്കി കളയുന്ന വെള്ളം അറക്കുളം പഞ്ചായത്തിലുടെ ഒഴുകിയിട്ടും അതിന്റെ സാധ്യതകൾ ഉപയോഗിക്കാത്തതുമൂലം പുഴയോരവാസികൾ പോലും കുടിവെള്ളത്തിനായി കാത്തുനിൽക്കേണ്ട അവസ്‌ഥയിലാണ്. മൂലമറ്റം സെന്റ് ജോർജ് സ്കൂളിനു സമീപവും പള്ളിക്കു സമീപവും പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും വാട്ടർ അഥോറിറ്റി അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതുമൂലം സമീപ പ്രദേശങ്ങളിൽ കുടിവെള്ളമില്ലാതെ ജനങ്ങൾ വലയുകയാണ്.