നിർധന യുവതിക്ക് മംഗല്യമൊരുക്കി ക്ഷേത്ര കരക്കാർ

11:40 PM Feb 18, 2017 | Deepika.com
കായംകുളം: ഉത്സവത്തിന്റെ ആർഭാടം കുറച്ച് നിർധന യുവതിക്കു മംഗല്യഭാഗ്യം നൽകി ക്ഷേത്രത്തിലെ കരക്കാർ മാതൃകയായി. എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കിഴക്കേകരക്കാരാണ് സാധു പെൺകുട്ടിയുടെ വിവാഹം യാഥാർഥ്യമാക്കിയത്. കിഴക്കേക്കരയുടെ നേതൃത്വത്തിൽ നടത്തിയ എട്ടാം ഉത്സവത്തിന്റെ ആർഭാടം കുറച്ചാണ് എരുവ സ്വദേശിയായ അമ്മുവിന്റെ വിവാഹം നടത്തിയത്. അമ്മുവും കുളത്തൂപ്പുഴ സ്വദേശി രാജേഷും തമ്മിലുള്ള വിവാഹം ഇന്നലെ എരുവ ക്ഷേത്രനടയിൽ നടന്നു.

വധുവിനാവശ്യമായ വിവാഹ വസ്ത്രങ്ങൾ, സ്വർണാഭരണങ്ങൾ എന്നിവ കരക്കാർ തന്നെ വാങ്ങിനൽകി. വിവാഹത്തിൽ പങ്കെടുത്തവർക്കെല്ലാം സദ്യയും നൽകി. മൂന്നര ലക്ഷത്തോളം രൂപയാണ് കരക്കാർ വിനിയോഗിച്ചത്. നഗരസഭാ ചെയർമാൻ എൻ. ശിവദാസൻ, പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രഭാകരൻ, വി.എസ്. അജയൻ, കാവിൽ നിസാം, ആനന്ദൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. എട്ടാം ഉത്സവ കമ്മിറ്റി ഭാരവാഹികളായ പി.ബി. സുനിൽ, ജി. റെനീഷ്, എ. അജയകുമാർ, ബിജു, രവീന്ദ്രൻപിള്ള തുടങ്ങിയവർ ചടങ്ങിനു നേതൃത്വം നൽകി.