കഞ്ഞിക്കുഴി കൈകോർക്കുന്നു അമ്മയുടെയും കുഞ്ഞിന്റേയും ജീവനായി

11:40 PM Feb 18, 2017 | Deepika.com
മുഹമ്മ: അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കുവാൻ കഞ്ഞിക്കുഴി ഗ്രാമം കൈകോർക്കുന്നു. രക്‌താർബുദത്തെ തുടർന്ന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന കഞ്ഞിക്കുഴി പഞ്ചായത്ത് 13–ാം വാർഡ് തൈവേലിക്കകം(വനസ്വർഗം)വീട്ടിൽ ജോർജിന്റെ ഭാര്യ മേരി ഹിൽഡ(27)ആണ് സുമനസുകളുടെ സഹായം തേടുന്നത്. മജ്‌ജ മാറ്റിവെയ്ക്കൽ ഉൾപ്പടെയുള്ള ശസ്ത്രക്രിയക്കായി ഏകദേശം 28 ലക്ഷം രൂപയോളം ചെലവു വരും. വിദഗ്ധ ചികിത്സ ലഭ്യമായാൽ ഏഴുമാസം ഗർഭിണിയായ ഹിൽഡയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനാകുമെന്നാണ് ഡോക്റുടെ അഭിപ്രായം. അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് ഹൈസ്കൂളിലെ പ്യൂൺ ആയ ജോർജിന്റെ കുടുംബത്തിനു ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത അവസ്‌ഥയാണ്.

ഇവരുടെ ചികിത്സയ്ക്കായി മേരി ഹിൽഡ ചികിത്സ സഹായനിധി രൂപീകരിച്ചുട്ടുണ്ട്. കൂടാതെ ജനപ്രതിനിധികൾ, രാഷ്ര്‌ടീയ, സാമൂഹിക, സാംസ്കാരിക കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ 19ന് പഞ്ചായത്തിലെ ഒമ്പതുമുതൽ 15 വരെ വാർഡുകളിലെ കുടുംബങ്ങളിൽനിന്നും മറ്റു സുമനസുകളിൽ നിന്നും പണം സമാഹരിക്കുമെന്ന് ജനറൽ കൺവീനർ ഫാ. എഡ്വേർഡ് പുത്തൻപുരയ്ക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കൂടാതെ ചികിത്സാ സഹായ നിധിയുടെ പേരിൽ മാരാരിക്കുളം ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുമുണ്ട്. നമ്പർ:12750100216361. ഐഎഫ്എസ്എഫ്ഡിആർ എൽ 0001275. ഫോൺ: 9249965136. രക്ഷാധികാരി കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജു, ആർ. ഷാജീവ്, തോമസ്വില്യം, ജോസഫ് ഗ്ലോറിയ, ജോയ് തോട്ടുങ്കൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.