മുളന്തോട്ടിലെ കൈയേറ്റം ഒഴിപ്പിക്കൽ നടപടി തുടങ്ങി

11:40 PM Feb 18, 2017 | Deepika.com
ചെങ്ങന്നൂർ: പമ്പയുടെ കൈവഴിയായ വരട്ടാറിലെ മുളന്തോട്ടിലെ വ്യാപക കൈയേറ്റമൊഴിപ്പിക്കാൻ റവന്യു വകുപ്പ് നടപടി ആരംഭിച്ചു. ആലപ്പുഴ കളക്ടർ വീണ എൻ. മാധവന്റെ പ്രത്യേക നിർദേശ പ്രകാരം താലൂക്ക് സർവേയർ എസ്. സന്ധ്യയുടെ നേതൃത്വത്തിലുളള ആറംഗ സംഘമാണ് കൈയേറ്റഭൂമി അളന്നു തിട്ടപ്പെടുത്താൻ നടപടി ആരംഭിച്ചത്. തിരുവൻവണ്ടൂർ ക്ഷേത്രത്തിനു വടക്കുഭാഗത്തുളള മുളംതോട്ടിലെ ഭൂമികളാണ് കഴിഞ്ഞദിവസം അളന്നത്. കൈയേറ്റത്തിനെതിരേ നിരവധി വ്യക്‌തികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് റവന്യു വകുപ്പിന്റെ നടപടി.

ജലസംപൂഷ്‌ടമായ ഈ തോട്ടിലൂടെയാണ് പണ്ട് കേവുവളളങ്ങളിൽ പുളിക്കീഴ് പഞ്ചസാര ഫാക്ടറിയിലേക്കാവശ്യമായ കരിമ്പ് പ്രയാർ, പാണ്ടനാട്, ഇരമല്ലിക്കര, തിരുവൻവണ്ടൂർ, വനവാതുക്കര, മഴുക്കീർ എന്നിവിടങ്ങളിൽനിന്നും കൊണ്ടുപോയ്ക്കൊണ്ടിരുന്നത്. പ്രദേശവാസികളുടെ പ്രധാന ജലഗതാഗത മാർഗമായിരുന്നു മുളന്തോട്. തോട് മണ്ണിട്ടുനികത്തി കൈയേറിയതുമൂലം നീരൊഴുക്ക് നിലക്കുകയും പ്രദേശത്തെ കരുമ്പും നെല്ലും ഉൾപ്പടെയുളള കൃഷികൾ ഇല്ലാതാകുകയും ചെയ്തു. രണ്ടു വർഷത്തിനുമുമ്പു വരെ ഈ തോട്ടിലൂടെ ജലം ഒഴുകിയിരുന്നു. എന്നാൽ ചില ഹോട്ടലുകളിൽനിന്നും, കോഴിക്കടകളിൽ നിന്നുമുളള അവശിഷ്‌ടങ്ങൾ ഈ തോട്ടിലേക്ക് നിക്ഷേപിക്കുകയും ദുർഗന്ധമുണ്ടാകമ്പോൾ ഇതിന്റ മറവിൽ മണ്ണിട്ടു നികത്തുകയുമാണ് ചെയ്തിരുന്നത്. മുളന്തോട്ടിലെ വടുതലപടി മുതൽ പുത്തൻതോട് വരെയുള്ള ഭാഗത്തെ കൈയേറ്റങ്ങളാണ് അളന്നു തിട്ടപ്പെടുത്തുന്നത്.