യുവാവിനു മർദനമേറ്റ സംഭവം മൂന്നു പോലീസുകാരെ സസ്പെന്റ് ചെയ്തു

11:40 PM Feb 18, 2017 | Deepika.com
ചെങ്ങന്നൂർ: കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ എസ്ഐ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയ യുവാവിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്‌ഥർ മർദിച്ച സംഭവത്തിൽ മൂന്നുപേരെ ജില്ലാ പോലീസ് മേധാവി സർവീസിൽനിന്നും സസ്പെന്റ് ചെയ്തു.

സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് സാലി, ശ്രീജേഷ്, സിവിൽ പോലീസ് ഓഫീസർ പി. സുനിൽകുമാർ എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പി ശിവസുതൻ പിളളയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ എസ്പി സസ്പെന്റ് ചെയ്തത്. ബുധനൂർ കോമിലേഴത്ത് പുത്തൻവീട്ടിൽ സന്തോഷി(35)നാണ് മർദനമേറ്റത്. എസ്ഐ എം. സുധിലാൽ നിർദേശിച്ചതനുസരിച്ചാണ് പരാതിക്കാരായ സന്തോഷും ഓട്ടോറിക്ഷാ തൊഴിലാളികളായ സുഹൃത്തുക്കളും, ഇയാളുടെ ഭാര്യയും ഭാര്യാ മാതാവും പോലീസ് സ്റ്റേഷനിലെത്തിയത്. പരാതിയെക്കുറിച്ചു ഇവരോടു സംസാരിച്ചതിനുശേഷം എസ്ഐ ഇവരോടു അടുത്തദിവസം വരാൻ നിർദേശിച്ചു പുറത്തേക്കു പോയ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥർ സന്തോഷിനെ അകത്തേക്കു വിളിപ്പിച്ചു ഭാര്യാമാതാവും സുഹൃത്തുക്കളും നോക്കിനിൽക്കെ കൂട്ടമായി സന്തോഷിനെ മർദിക്കുകയായിരുന്നു. ഇതുകണ്ട് ഭാര്യാമാതാവും സുഹൃത്തുക്കളും യുവാവിനെ മർദിക്കരുതെന്നു പലതവണ ആവശ്യപ്പെട്ടിട്ടും മർദനം തുടർന്നു. തുടർന്നു സുഹൃത്തുക്കൾ സിപിഎം പ്രവർത്തകരെ വിവരമറിയിച്ചതിനെ തുടർന്നു നഗരസഭാ കൗൺസിലർ ബി. സുധീപിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. തുടർന്ന് എസ്ഐ സ്‌ഥലത്തെത്തി സമരക്കാരുമായും സന്തോഷിന്റെ കുടുംബവുമായും ചർച്ച നടത്തി. തുടർന്ന് ഡിവൈഎസ്പിയും സ്‌ഥലത്തെത്തി സന്തോഷിൽനിന്നും കുടുംബാംഗങ്ങളിൽ നിന്നും പരാതി സ്വീകരിക്കുകയും തെളിവെടുപ്പു നടത്തുകയും ചെയ്തു. തുടർന്നു നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഇന്നലെ പോലീസ് ഉദ്യോഗസ്‌ഥർക്കെതിരേ നടപടി സ്വീകരിച്ചത്.