കുപ്പിവെള്ള കമ്പനികൾക്ക് വെള്ളം നല്കുന്നത് ജലഅതോറിറ്റിയെന്ന് പരാതി

12:28 AM Feb 18, 2017 | Deepika.com
ആലത്തൂർ: മലമ്പുഴയിൽനിന്നും കൃഷി കുടിവെള്ളം എന്നീ ആവശ്യങ്ങൾക്ക് ജലം വിട്ടുനല്കാൻ വിസമ്മതിക്കുന്ന ജലഅതോറിറ്റി കുപ്പിവെള്ള കമ്പനികൾക്ക് യഥേഷ്‌ടം വെള്ളം നല്കുന്നതായി ആക്ഷേപം. ആലത്തൂർ താലൂക്ക് പരിധിയിലെ കുപ്പിവെള്ള കമ്പനികളിൽ തഹസിൽദാരുടെ നേതൃത്ത്വത്തിലുള്ള റവന്യൂ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ജലഅതോറിറ്റിയിൽനിന്ന് വെള്ളം ടാങ്കർലോറികൾ വഴി കൊണ്ടുവരുന്നതായി കണ്ടെത്തിയത്.

കുറഞ്ഞനിരക്കിലാണ് അതോറിറ്റി വെള്ളം നല്കുന്നത്. ഇതേ വെള്ളം ശുദ്ധീകരിച്ച് ബോട്ടിലുകളിലാക്കി കൂടിയ വിലക്ക് വില്ക്കുന്നു എന്നതാണ് പരിശോധനയിൽ അധികൃതർ കണ്ടെത്തിയത്.പരിശോധനാ വിവരം കളക്ടർക്ക് നല്കിയതായി റവന്യൂ അധികൃതർ അറിയിച്ചു. തഹസിൽദാർ എം.കെ. അനിൽകുമാർ, അഡീഷണൽ തഹസിൽദാർ പി.എ.വിഭൂഷണൻ, ഡെപ്യൂട്ടി തഹസിൽദാർ പി.ജനാർദനൻ, വില്ലേജ് ഓഫീസർമാരായ എ.റെജീന, പി.പ്രദീപ് എന്നിവരടങ്ങിയ സ്ക്വാഡാണ് പരിശോധന നടത്തിയത്.