കുടിവെള്ളവിതരണമില്ല; എരുത്തേമ്പതി പഞ്ചായത്ത് ഉപരോധിച്ചു

12:28 AM Feb 18, 2017 | Deepika.com
ചിറ്റൂർ: കഴിഞ്ഞ പത്ത് ദിവസത്തോളമായി കുടിവെള്ള വിതരണം നടക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ എരുത്തേമ്പതി പഞ്ചായത്ത് ഉപരോധിച്ചു.

പഞ്ചായത്തിലെ നടുപ്പുണി, കുളപ്പുര, ആർ.വി പുതൂർ, എരുത്തേമ്പതി തുടങ്ങിയ വാർഡുകളിൽ കഴിഞ്ഞ പത്ത് ദിവസങ്ങളായി കുടിവെള്ള വിതരണം പൂർണ്ണമായും നിലച്ചതിൽ പ്രതിഷേധിച്ചാണ് നൂറുക്കണക്കിന് സ്ത്രീകൾ ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എത്തിയത്. രാവിലെ 9 മണിയോടു കൂടി ഉപരോധസമരം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. പൊൻരാജ,് ഒബിസി മോർച്ച ജില്ലാ പ്രസിഡണ്ട് എ.കെ ഓമനക്കുട്ടൻ, വാർഡ് മെമ്പർമാരായ ജയലക്ഷ്മി, കലൈവാണി ബിജെപി നേതാക്കളായ പി.ലോകനാഥൻ, ആർ.വി.രാധാകൃഷ്ണൻ, എസ്. ജ്‌ഞാനകുമാർ, എ.കെ.മോഹൻദാസ്, വി. രമേഷ്, കെ.ആർ.ദാമോദരൻ, എന്നിവർ സമരക്കാരുമായി സംസാരിച്ചെങ്കിലും കുടിവെള്ള വിതരണവും കുഴൽ കിണർ നിർമ്മാണവും അടിയന്തിരമായി ആരംഭിക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാത്തതിനാൽ ഉപരോധം തുടരുകയായിരുന്നു. പതിനൊന്ന് മണിയോടു കൂടി ഡെപ്യൂട്ടി തഹസിൽദാർ ചർച്ചയ്ക്ക് എത്തിയെങ്കിലും അദ്ദേഹവും ഒരുറപ്പും സമരക്കാർക്കു നൽകുവാൻ തയ്യാറാകാത്തതോടു കൂടി സമരം ശക്‌തമാക്കുകയായിരുന്നു.

പഞ്ചായത്തിനകത്തു തന്നെ പന്തൽ കെട്ടി ഭക്ഷണം പാകം ചെയ്തു സമരം തുടർന്നു. നാലര മണിയോടു കൂടി സ്‌ഥലത്തെത്തിയ ചിറ്റൂർ തഹസിൽദാർ നേതാക്കളുമായി ചർച്ച നടത്തുകയും ഇന്നലെ മുതൽ തന്നെ ലോറിവെള്ളം എത്തിക്കുമെന്നും ഇന്ന് കാലത്ത് ജില്ലാകളക്ടർ സമരക്കാരുമായി സംസാരിച്ച് ഈ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാമെന്ന ഉറപ്പിന്റെ പേരിൽ അഞ്ചു മണിയോടു കൂടി ഉപരോധസമരം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് നടന്ന വിശദീകരണ യോഗം ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് എ.കെ.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ബിജെപി നേതാക്കൻമാരായ എ.കെ മോഹൻദാസ്, വി.രമേഷ്, കെ.ആർ.ദാമോദരൻ, എസ്. ജ്‌ഞാനകുമാർ, പി.ലോകനാഥൻ, ആർ. വി രാധാകൃഷ്ണൻ ,വാർഡ് മെമ്പർമാരായ ജയലക്ഷ്മി, കലെവാണി, മധു, എന്നിവർ പ്രസംഗിച്ചു.