ശുചീകരണം നിർബന്ധം: പോലീസ് വിജിലൻസിലെ ഹെൽത്ത് ആക്ഷൻ ഗ്രൂപ്പ് നിർദേശം നൽകി

12:32 AM Feb 15, 2017 | Deepika.com
എരുമേലി: എരുമേലി ടൗണിലെ തോടുകൾ എത്രയും വേഗം ശുചീകരിക്കണമെന്ന് ഗ്രാമപഞ്ചായത്തിനും ദേവസ്വം ബോർഡിനും പോലീസ് വിജിലൻസിലെ റിസേർച്ച് ആൻഡ് ഹെൽത്ത് ആക്ഷൻ ഗ്രൂപ്പ് നിർദേശം നൽകി. ഇന്നലെ പഞ്ചായത്ത് ഓഫീസിലും ദേവസ്വം ഓഫീസിലും എത്തിയാണ് നിർദേശം നൽകിയത്.

കൊരട്ടി വെട്ടിക്കൊമ്പിൽ രാജേന്ദ്രൻ നൽകിയ പരാതിയുടെ ഭാഗമായാണ് വിജിലൻസ് എത്തിയത്. വിജിലൻസ് ഡിവൈഎസ്പി അശോക് കുമാറിന്റെ നിർദേശപ്രകാരം എട്ടംഗ സംഘമാണ് പരിശോധന നടത്തി നിർദ്ദേശം നൽകിയത്. കൊച്ചുതോട് പൂർണമായും മലിനമായെന്നും ശുചീകരണം അനിവാര്യമാണെന്നും കൊച്ചുതോടും വലിയതോടും മാലിന്യങ്ങൾ പതിക്കാത്ത വിധം സംരക്ഷിക്കണമെന്നും വിജിലൻസ് നിർദേശിച്ചു. പൊതുജനാരോഗ്യം അപകടകരമാക്കുന്നവിധം കക്കൂസ് മാലിന്യങ്ങൾ ദേവസ്വം ബോർഡിന്റെ പ്ലാന്റിൽ നിന്നു തോട്ടിലേക്ക് ഒഴുക്കിയെന്നായിരുന്നു പരാതി.