ഒറ്റപ്പാലം നഗരത്തിൽ ഓപ്പറേഷൻഅനന്തയ്ക്ക് റെഡ് സിഗ്്നൽ

11:38 PM Feb 14, 2017 | Deepika.com
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരത്തിൽ ഓപ്പറേഷൻ അനന്തയ്ക്ക് റെഡ് സിഗ്്നൽ. നിലവിൽ ഭാഗികമായി മാത്രമാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. കണ്ണിയമ്പുറം മുതൽ ന്യൂബസാർ വരെയുള്ള പ്രധാനപാതയ്ക്ക് ഇരുവശവും സർക്കാർ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കുന്ന നടപടി ഭാഗികമായി മാത്രം നടപ്പാക്കി അധികൃതർ മൗനംപാലിക്കുന്ന സ്‌ഥിതിയാണ്.

ഒറ്റപ്പാലം സബ്കളക്ടർ ഡോ. പി.ബി.നൂഹാണ് ഓപ്പറേഷൻ അനന്തയ്ക്ക് തുടക്കംകുറിച്ചത്. ചിലയിടങ്ങളിൽ മാത്രമാണ് പുറമ്പോക്കു ഭൂമി തിരിച്ചുപിടിക്കുന്ന നടപടിയുണ്ടായിട്ടുള്ളത്. ഇതിനിടെ ചില കച്ചവടക്കാർ ഓപ്പറേഷൻ അനന്തയ്ക്കെതിരേ ഹൈക്കോടതിയിൽനിന്നും സ്റ്റേ ഉത്തരവ് നേടിയത് പദ്ധതിക്ക് തിരിച്ചടിയായി.

കണ്ടീഷണൽ പട്ടയം കൈവശമുള്ള ചില കച്ചവടക്കാരാണ് തങ്ങളുടെ സ്‌ഥലങ്ങൾ പൊളിച്ചുനീക്കുന്നതിനെതിരേ ഹൈക്കോടതിയിൽനിന്നും സ്റ്റേ നേടിയിരിക്കുന്നത്. ഉപാധികളോടെ സർക്കാർ ഭൂമി ഇത്രയുംകാലം കൈവശം വച്ച് അനുഭവിക്കാൻ സൗകര്യം ലഭിച്ചവരാണ് ഹൈക്കോടതിയിൽനിന്നും സ്റ്റേ ഉത്തരവ് കരസ്‌ഥമാക്കിയിട്ടുള്ളത്.

ഇവരുടെ പേരുപറഞ്ഞാണ് പദ്ധതി ഇപ്പോൾ മുടങ്ങിക്കിടക്കുന്നത്. അതേസമയം സ്റ്റേ വാങ്ങിയവർക്കെതിരേ എതിർവാദവുമായി സർക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സ്റ്റേ ഉത്തരവ് റദ്ദാക്കുന്നതിനാണ് റവന്യൂവകുപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

അതേസമയം നഗരത്തിലെ മറ്റു പുറമ്പോക്കു കൈയേറ്റങ്ങൾ പൊളിച്ചുനീക്കാൻ നിയമതടസങ്ങളൊന്നും ഇല്ലെന്നിരിക്കേ അധികൃതർ ഇതിനു മുതിരാത്തതാണ് ദുരൂഹത ഉണർത്തുന്നത്. ഓപ്പറേഷൻ അനന്തയിൽ റവന്യൂവകുപ്പ്് രണ്ടുരീതി നടപ്പാക്കുകയാണെന്ന് ഇതിനകം കച്ചവടക്കാരിൽനിന്നും പരാതി ഉയർന്നിട്ടുണ്ട്. പാലക്കാട് ജില്ലാ സഹകരണ ബാങ്കിന്റെ ഒറ്റപ്പാലം ശാഖയുടെ രണ്ടുനില കെട്ടിടം സർക്കാർ ഭൂമിയിലാണെന്നു റവന്യൂവകുപ്പ് കണ്ടെത്തിയിരുന്നു. ഇതു പൊളിച്ചുനീക്കാനും നടപടിയുണ്ടായില്ല. നഗരത്തിലെ മറ്റു കച്ചവട സ്‌ഥാപനങ്ങളെല്ലാം ഓപ്പറേഷൻ അനന്തയുടെ ഭാഗമായി പൊളിക്കുമ്പോഴും ബാങ്കിന്റെ കെട്ടിടം പൊളിക്കാത്തതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ഒറ്റപ്പാലത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് റോഡ് വീതികൂട്ടാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് സർക്കാർ ഭൂമി വീണ്ടെടുക്കാനും പുറമ്പോക്ക് കച്ചവടങ്ങൾ പൊളിച്ചുനീക്കുന്നതിനും ധാരണയായത്.

ഗതാഗതക്കുരുക്കിന് മുഖ്യകാരണങ്ങളിലൊന്ന് ഈസ്റ്റ് ഒറ്റപ്പാലം, കണ്ണിയമ്പുറം എന്നിവിടങ്ങളിലുള്ള പാലങ്ങളാണ്. ഈ പാലങ്ങൾ എത്രയുംവേഗം പൊളിച്ചുപണിയണമെന്ന് ആവശ്യമുയർന്നിരുന്നു. വീതികുറവുള്ള പാലങ്ങൾ ബലക്ഷയം സംഭവിച്ച് അപകട ഭീഷണി ഉയർത്തുകയാണ്.

പാലങ്ങൾ പുതുക്കിപണിയുന്നതിനു തുക സംസ്‌ഥാന ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. പുതിയ പാലങ്ങൾ വരുന്നതോടെ സംസ്‌ഥാന ഹൈവേയിൽ ഇപ്പോഴുള്ള വാഹനത്തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒറ്റപ്പാലത്ത് നിർദിഷ്‌ട ബൈപാസ് പദ്ധതിയും ചലനമറ്റ രീതിയിലാണ്. ഒറ്റപ്പാലം നഗരത്തിന്റെ കാതലായ ഈ പദ്ധതികളെല്ലാം സമയബന്ധിതമായി നടപ്പാക്കേണ്ടതുണ്ട്. അതേസമയം ഓപ്പറേഷൻ അനന്തയിൽനിന്നും അധികൃതർ പിറകോട്ടു പോകുന്നതായി ജനങ്ങളിൽനിന്നും പരാതി ഉയർന്നിട്ടുണ്ട്.ഒറ്റപ്പാലത്തുകാർക്ക് ഏറെ താത്പര്യമുണ്ടാക്കിയ പദ്ധതിയായിരുന്നു ഇത്. ജനപ്രതിനിധികളും രാഷ്ര്‌ടീയപാർട്ടി നേതാക്കളും ഉദ്യോഗസ്‌ഥരും പദ്ധതിയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാത്ത സ്‌ഥിതിയാണ്.