പോലീസ് സ്റ്റേഷന് മുന്നിൽഅപകടക്കെണിയായി ട്രാൻസ്ഫോർമർ

11:38 PM Feb 14, 2017 | Deepika.com
മുട്ടം: പോലീസ് സ്റ്റേഷന്റെ മുന്നിലുള്ള ട്രാൻസ്ഫോമർ സ്റ്റേഷന്റെ പ്രവർത്തനങ്ങൾക്ക് തടസമാകുന്നു.ട്രാൻസ്ഫോർമർ ഇവിടെ നിന്ന് മാറ്റി സ്‌ഥാപിക്കണമെന്നാവശ്യപ്പെട്ടു നിരവധി പരാതികളും നിവേദനങ്ങളും നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ വൈദ്യുതി ബോർഡ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കാഞ്ഞാർ പോലീസ് സ്റ്റേഷന്റെ കീഴിൽ ഔട്ട് പോസ്റ്റ് എന്ന നിലയിൽ പ്രവർത്തിച്ച് വന്നിരുന്ന ഈ സ്റ്റേഷനെ വർഷങ്ങൾക്ക് മുമ്പ് തന്നെ പോലീസ് സ്റ്റേഷന്റെ ഗ്രേഡിലേയ്ക്ക് ഉയർത്തുകയും ഒരു വർഷം മുൻപ് ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു.

പോലീസ് സ്റ്റേഷൻ ആയി പ്രവർത്തനം ആരംഭിച്ചതിന് ശേഷവും ട്രാൻസ്ഫമർ മാറ്റുന്ന കാര്യം നിരവധി പ്രാവശ്യം വൈദ്യുതി ബോർഡിനെ അറിയിച്ചു. എന്നാൽ വൈദ്യുതി ബോർഡിലെ എഇ വന്ന് ട്രാൻസ്ഫോമർ സ്‌ഥാപിച്ചിരിക്കുന്ന സ്‌ഥലം സന്ദർശിച്ചതല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ല.

ചില സമയങ്ങളിൽ ട്രാൻസ്ഫോമറിൽ പൊട്ടിത്തെറിയും മണിക്കൂറുകളോളം തീയും പുകയും ഉണ്ടാകാറുണ്ട്. ഇതു സ്റ്റേഷനിലെ ജീവനക്കാരെയും സ്റ്റേഷനിൽ എത്തുന്നവരെയും സമീപവാസികളേയും പരിഭ്രാന്തിയിലാക്കുന്നു. ട്രാൻസ്ഫോമറിനോട് ചേർന്ന് നൂറോളം വിദ്യാർഥികൾ പഠിയ്ക്കുന്ന മദ്രസ പ്രവർത്തിയ്ക്കുന്നുണ്ട്.

മദ്രസയിലേക്ക് വിദ്യാർഥികൾ വരുന്നതും പോകുന്നതും ട്രാൻസ്ഫോമറിന് സമീപത്തുകൂടിയാണ്.ട്രാൻസ്ഫോമറിൽ നിന്നും തീയും പുകയും ഉണ്ടാവുന്നത് കണ്ട് വിദ്യാർഥികൾ ഭയന്നോടുകയും വീണു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പോലീസ് സ്റ്റേഷനു ചുറ്റും മതിൽ കെട്ടിയപ്പോൾ ട്രാൻസ്ഫോമർ സ്‌ഥിതി ചെയ്യുന്ന ഭാഗം മതിൽ കെട്ടാൻ കഴിയാത്ത അവസ്‌ഥയിലാണ്. പുതിയ പോലീസ് സ്റ്റേഷനു കെട്ടിടങ്ങളും ഉദ്യോഗസ്‌ഥർക്കുള്ള ക്വാർട്ടേഴ്സുകളും മറ്റു സൗകര്യങ്ങളും ഉണ്ടാക്കണമെങ്കിൽ സ്റ്റേഷനു മുന്നിലുള്ള ട്രാൻസ്ഫോമർ അടിയന്തിരമായി മാറ്റണം.

ദിനംപ്രതി നിരവധിയാളുകൾ എത്തുന്ന മുട്ടം പോലീസ് സ്റ്റേഷന്റെ മുൻപിൽ സ്‌ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോമർ സൗകര്യപ്രദമായ മറ്റേതെങ്കിലും സ്‌ഥലത്തേയ്ക്ക് മാറ്റി സ്‌ഥാപിയ്ക്കണമെന്ന് തദ്ദേശവാസികൾ ആവശ്യപ്പെട്ടു.