ഇ. അഹമ്മദിനോട് കേന്ദ്രസർക്കാർകാട്ടിയത് അനാദരവ്: പി.ജെ. ജോസഫ്

11:38 PM Feb 14, 2017 | Deepika.com
വണ്ണപ്പുറം: ഇ. അഹമ്മദ് എംപിയുടെ മരണത്തെക്കുറിച്ച് മെഡിക്കൽ ബുള്ളറ്റിൻ പോലും പുറത്തിറക്കാത്ത കേന്ദ്ര സർക്കാർ അദ്ദേഹത്തോട് അനാദരവാണ് കാട്ടിയതെന്നു പി.ജെ. ജോസഫ് എംഎൽഎ പറഞ്ഞു. ഫാസിസം മരണക്കിടക്കയിലും എന്ന വിഷയത്തിൽ മുസ്ലിം ലീഗ് സംസ്‌ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി വണ്ണപ്പുറത്ത് സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉന്നതനായ ഒരു നേതാവിന്റെ മരണം മറച്ചു അവരുടെ കുടുംബാംഗങ്ങൾക്ക് പോലും മൃതദേഹം കാണാൻ അവസരം നിഷേധിച്ചത് കിരാത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇൻഡ്യയിലെ മത ന്യൂനപക്ഷങ്ങൾക്കു വേണ്ടി പാർലമെന്റിലും പുറത്തും ശക്‌തമായി പോരാടിയ മികച്ച പാർലമന്റേറിയനായിരുന്നു ഇ. അഹമ്മദെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ കെ ഫ്രാൻസിസ് ജോർജ് പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെഎംഎ ഷുക്കൂറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എം.എസ്. മുഹമ്മദ്, യുഡിഎഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ, റോയി കെ. പൗലോസ്, മാത്യൂ വർഗീസ്, കെ.എം. സോമൻ, പി.പി. അസീസ് ഹാജി, പി.എസ്. അബ്ദുൽ ജബ്ബാർ, എം.എം ബഷീർ, പി.എൻ. സീതി, കെ.എം. സലീം, എ.എം സമദ്, കെ.പി. വർഗീസ്, മുഹമ്മദ് വെട്ടിക്കൽ, പി.എം. അബ്ബാസ്, കെ.എച്ച്. അബ്ദുൽ ജബ്ബാർ, പി.എം. ഇല്ല്യാസ്, ടി.ആർ. ഷിബു എന്നിവർ പ്രസംഗിച്ചു.