ഉടമയുടെ കെട്ടിട നമ്പർ റദ്ദാക്കി; നീതിതേടി ജനകീയ കൂട്ടായ്മ

11:38 PM Feb 14, 2017 | Deepika.com
തൊടുപുഴ: നഗരസഭ അധികൃതർ അനുവദിച്ച കെട്ടിട നമ്പർ റദ്ദാക്കിയതിനെ തുടർന്നു ദുരിത പർവംപേറി ഉടമ. മാപ്ലശേരി എം.ജെ. സ്കറിയക്കാണ് ഈ ദുരവസ്‌ഥ. തൊടുപുഴ പഴയ ബസ് സ്റ്റാൻഡിൽ ചായക്കട നടത്തിയിരുന്ന ഇദ്ദേഹം മൂന്നുവർഷം മുമ്പ് തൊടുപുഴയിലുള്ള ബാങ്കിൽ നിന്നും 60 ലക്ഷം രൂപ വായ്പയെടുത്ത് കോലാനി – വെങ്ങല്ലൂർ ബൈപാസ് റോഡ് സൈഡിൽ കെട്ടിടം നിർമിച്ചു. എന്നാൽ കൈക്കൂലി നൽകാത്തതിനെ തുടർന്നു മുനിസിപ്പൽ അധികൃതർ അനുവദിച്ച കെട്ടിട നമ്പർ റദ്ദാക്കിയെന്നാണ് ആക്ഷേപം. കെട്ടിട ഉടമയുടെ പരാതിയെത്തുടർന്ന് ജില്ലാ വിജിലൻസ് പോലീസ്, ജില്ലാ സർവേ സൂപ്രണ്ട്, ജില്ലാ ഡെപ്യൂട്ടി രജിസ്ട്രാർ എന്നിവർ അന്വേഷണം നടത്തി. കെട്ടിട ഉടമയുടെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും ഉടമയ്ക്കു നോട്ടീസ് നൽകാതെയും വിശദീകരണം കേൾക്കാതെയും കെട്ടിട നമ്പർ റദ്ദാക്കിയത് നിയമ വിരുദ്ധമാണെന്നും ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്നും കണ്ടെത്തുകയുണ്ടായി. ഇതേത്തുടർന്നു റദ്ദാക്കിയ നമ്പർ പുനഃസ്‌ഥാപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കെട്ടിട ഉടമ ഇതിനോടകം വായ്പയുടെ പലിശയിനത്തിൽ 20 ലക്ഷം രൂപ അടക്കേണ്ടിവന്നു. കെട്ടിടം വാടകക്കു നൽകാൻ കഴിയാത്തതിന്റെ പേരിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. ഇത്തരം ഒരു സാഹചര്യത്തിൽ സ്കറിയയുടെ കുടുംബത്തിനു നീതി ലഭിക്കാൻ ഇന്നു വൈകുന്നേരം അഞ്ചിനു സഹകരണ ആശുപത്രിക്കു സമീപം കല്ലിക്കുഴി ബിൽഡിംഗിൽ യോഗം ചേർന്നു ഭാവി നടപടികൾ ആലോചിക്കുമെന്നു ആന്റി കറപ്ഷൻ മൂവ്മെന്റിനുവേണ്ടി പി.എം. മാനുവലും എം.സി. മാത്യുവും അറിയിച്ചു.