ബ്ലാക്ക് മെയിലിംഗ് തട്ടിപ്പ് : പോലീസുകാരനെതിരെരണ്ടു കേസുകളിൽ അന്വേഷണം

11:38 PM Feb 14, 2017 | Deepika.com
തൊടുപുഴ: മുഖ്യമന്ത്രിയുടെ ഗുണ്ടാസ്ക്വാഡാണെന്ന് തെറ്റിദ്ധരിപ്പിച്ച് കഞ്ചാവു കേസിലെ പ്രതിയിൽ നിന്നും ഒരു ലക്ഷത്തോളം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച അറസ്റ്റിലായ പോലീസുകാരനെതിരെ രണ്ടു കേസുകളിൽ അന്വേഷണം ആരംഭിച്ചു.

പിരിച്ചുവിട്ട ഹൈറേഞ്ച് സ്പൈഡേഴ്സ് അംഗമായിരുന്ന നൂർ സമീറിനെതിരെയാണ് കേസൊതുക്കുന്നതിന് പണം വാങ്ങിയെന്ന പുതിയ രണ്ടു പരാതികൾ കൂടി ലഭിച്ചിരിക്കുന്നത്. തൊടുപുഴയിലുള്ള വ്യാപാരിയുടെ മകനെ കഞ്ചാവുകേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 25,000 രൂപയും തൊടുപുഴയിൽ തന്നെയുള്ള കുബേരക്കേസിൽ അറസ്റ്റിലായ പലിശക്കാരനിൽ നിന്നും 5000 രൂപ വാങ്ങിയെന്ന പരാതിയിലാണ് തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുക്കുന്നത്. നൂർ സമീർ ഉൾപ്പെടെയുള്ള മൂന്നു പോലീസുകാരും ഇപ്പോൾ റിമാൻഡിലാണ്. കഞ്ചാവുകേസിലെ പ്രതിയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കേസിൽ സസ്പെൻഷനിലായ ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ രണ്ടു തവണയും തള്ളിയിരുന്നു.

ഇപ്പോൾ ലഭിച്ചിരിക്കുന്ന പരാതികൾ നൂർ സമീറിനെതിരെ മാത്രമാണെങ്കിലും സംഭവത്തിൽ മൂന്നു പേർക്കും പങ്കുണ്ടോയെന്നും അന്വേഷണം ഉണ്ടാകും. ജില്ലയിൽ ഇവർ മുമ്പ് കണ്ടെത്തിയ മറ്റ് കേസുകളിൽ പണം വാങ്ങി കേസൊതുക്കാൻ ശ്രമം നടന്നിട്ടുണ്ടോയെന്ന് അന്വേഷണം നടക്കവെയാണ് ഇപ്പോൾ പുതിയ രണ്ടു പരാതികൾ ലഭിച്ചിരിക്കുന്നത്.