ചെക്കുഡാമിലേക്കുള്ളസ്വകാര്യവഴി തോട്ടം ഉടമ അടച്ചു

11:38 PM Feb 14, 2017 | Deepika.com
രാജാക്കാട്: സർക്കാരിന്റെ ലക്ഷക്കണക്കിന് രൂപാ മുതൽമുടക്കി നിർമിച്ച കുളവും ചെക്കുഡാമും കൈയടക്കുന്നതിനു സ്വകാര്യ തോട്ടമുടമ പൊതുവഴി അടച്ചതായി പരാതി. രാജാക്കാട് കുരങ്ങുപാറയിലാണ് നാട്ടുകാരുടേയും സമീപ തോട്ടം ഉടമകളുടേയും ആശ്രയ മായ റോഡ് ഏലതൈകൾ നട്ട് അടച്ചിരിക്കുന്നത്. നടപടിയിൽ പ്രതിഷേധിച്ച് തോട്ടം ഉടമകളും തൊഴിലാളികളും രംഗത്തെത്തി.

കടുത്ത ജലക്ഷാമം നേരിടുന്ന കുരങ്ങുപാറയിൽ കൃഷിയാവശ്യത്തിനും നാട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനും വേണ്ടിയാണ് നബാഡിന്റെ ലക്ഷക്കണക്കിന് രൂപാ ചെലവഴിച്ച് ഇവിടെ വലിയ കുളവും ചെക്കുഡാമും നിർമിച്ചത്. ചെക്കുഡാമും കുളവും ഇരിക്കുന്ന സ്‌ഥലവും നിർമാണ സാമഗ്രികൾ എത്തിക്കുന്നതിന് വേണ്ടി വലിയ വാഹനങ്ങൾ കടന്നു വരാൻ പാകത്തിനുള്ള റോഡും അന്നത്തെ തോട്ടം ഉടമ സർക്കാരിനു സറണ്ടർ ചെയ്തതാണ്. സമീപത്തെ നിരവധി ആളുകൾക്കും വിവിധ തോട്ടങ്ങളിലേയ്ക്ക് വളവും മറ്റു സാധനങ്ങളും എത്തിക്കുന്നതിന് ആശ്രയിച്ചിരുന്നതും ഈ വഴിയെയാണ്. കുരങ്ങുപാറ പാലക്കുഴി റോഡ് പഞ്ചായത്ത് ഏറ്റെടുത്ത് ടാറിംഗ് അടക്കം നടത്തുന്നതിന് വേണ്ടി ആലോചനകൾ നടത്തുന്നതിനിടയിലാണ് നിലവിൽ സ്വകാര്യ തോട്ടം ഉടമ വഴിയടച്ച് ഗതാഗതതടസം സൃഷ്ടിച്ചിരിക്കുന്നത്. സർക്കാരിന്റെ വഴിയും കുളവും ചെക്കുഡാമും സ്വകാര്യ തോട്ടം ഉടമ കയ്യടക്കുവാനുള്ള നീക്കത്തിനെതിരേ ഉന്നത അധികാരികൾക്ക് പരാതി നൽകുന്നതിനൊപ്പം ശക്‌തമായ പ്രതിഷേധപരിപാടികൾക്കും ഒരുങ്ങു കയാണ് തോട്ടം ഉടമകളും നാട്ടുകാരും. വഴിയടച്ച വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനയായ സ്പൈസസ് പ്ലാന്റേഷൻ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.