മദ്യക്കട നഗരസഭ പൂട്ടി

11:37 PM Feb 14, 2017 | Deepika.com
ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത് പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്ലെറ്റ് ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ പൂട്ടി. അനധികൃത മദ്യ ചില്ലറ വില്പനശാല അടച്ചു പൂട്ടണമെന്ന് കാണിച്ച് നഗരസഭ മൂന്നുദിവസങ്ങൾക്കു മുമ്പ് ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ അവസാന ദിവസമായ ഇന്നലെ നഗരസഭാ അധികാരികൾ പരിശോധനയ്ക്ക് എത്തിയപ്പോൾ ഔട്ട്ലെറ്റ് അടച്ചുപൂട്ടിയതായി കാണപ്പെട്ടു. തുടർന്നു പ്രധാന കവാടം അടച്ചുപൂട്ടി സീൽചെയ്ത് നഗരസഭാധികാരികൾ മടങ്ങി.

എന്നാൽ അടച്ചുപൂട്ടപ്പെട്ട മദ്യവിൽപ്പന കേന്ദ്രത്തിലെ വളപ്പിനുളളിൽ രണ്ടു സെക്യൂരിറ്റി ജീവനക്കാർ ഉളളത് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. വളപ്പിൽ കുടുങ്ങിയ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയും പിന്നീട് പോലീസ് അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തി പൂട്ടു പൊളിച്ച് ജീവനക്കാരെ പുറത്തിറക്കി. ഇന്നലെ രാവിലെ 11ഓടെ നഗരസഭാ അധികൃതർ എത്തും മുമ്പേ ബെവ്ക്കോയിലെ ജീവനക്കാർ തന്നെ ഗെയിറ്റ് പൂട്ടിയിരുന്നു. തുടർന്നാണ് നഗരസഭാ റവന്യു വിഭാഗം വാതിൽ സീൽ ചെയ്തത്.

കഴിഞ്ഞ 30 ദിവസമായി ഇവിടെ നിന്നും ബിവറേജ് ഔട്ട്ലെറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജനകീയസമിതിയുടെ നേതൃത്വത്തിൽ സമരം നടന്നു വരികയായിരുന്നു. സമരക്കാർക്ക് ചെയർമാൻ തോമസ് ജോസഫ് ബിവറേജ് അടച്ചുപൂട്ടുമെന്ന് ഉറപ്പും നൽകിയിരുന്നു. അതേസമയം ഔട്ട്ലെറ്റ് നിലനിർത്തണമെന്നാവാശ്യപ്പെട്ട് ബന്ധപ്പെട്ടവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ഇന്ന് പരിഗണനയ്ക്ക് എടുക്കും.