വെൻസെക്–കോസ്മോസ് സംയുക്‌ത വോളിബോൾ കോച്ചിംഗ് ക്യാമ്പ്

11:37 PM Feb 14, 2017 | Deepika.com
ചെങ്ങന്നൂർ: വെൺമണി വെൻസെക് സ്പോർട്സ് അക്കാദമി ആരംഭിക്കുന്ന സമ്പൂർണ സ്പോർട്സ് ആൻഡ് ഗെയിംസ് കോച്ചിംഗ് ക്യാമ്പിന് മുന്നോടിയായി വെൻസെകും കോസ്മോസ് ക്ലബ്ബുമായി ചേർന്നു സംഘടിപ്പിച്ച പഞ്ചദിന വോളിബോൾ കോച്ചിംഗ്ക്യാമ്പ് കായികമേഖലയ്ക്കാവേശമായി. ചെങ്ങന്നൂർ താലൂക്കിലെ വിവിധ സ്കൂളുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടികളാണ് കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്തത്.

വെൺമണി ലോഹ്യാ മെമ്മോറിയൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ വോളിബോൾ കോർട്ടിൽ വച്ച് നടന്ന കോച്ചിംഗിനു കേരള യൂണിവേഴ്സിറ്റിയിലെ മികച്ച കായികാധ്യാപകരും യൂണിവേഴ്സിറ്റി വോളിബോൾ പരിശീലകരും നേതൃത്വം നൽകി . ചെങ്ങന്നൂരിൽനിന്ന് ദേശീയതലത്തിലേക്ക് അറിയപ്പെടുന്ന കായികതാരങ്ങളെ സംഭാവന നൽകുകയാണ് അക്കാഡമിയുടെ ലക്ഷ്യമെന്നും വേനലവധിക്കാലത്ത് സമ്പൂർണ കായിക പരിശീലന പരിപാടികളാണ് വെൻസെക് സ്പോർട്സ് അക്കാദമി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും വെൻസെക് ചെയർമാൻ കോശി സാമുവേൽ അറിയിച്ചു.

കായികമേഖലയ്ക്കാവശ്യമായ കൈത്താങ്ങുകൾ നൽകുന്നതിന്റെ ഭാഗമായി ചെങ്ങന്നൂർ താലൂക്കിലെ വിവിധ സ്കൂളുകളിലും ക്ലബ്ബുകളിലും കായികസാമഗ്രികൾ വാങ്ങി നൽകിയും മൈതാനങ്ങൾ ഉപയോഗയോഗ്യമാക്കി നൽകിയും വിവിധ കായികമത്സരങ്ങൾ സ്പോൺസർ ചെയ്തും വെൻസെക് കായികരംഗത്ത് സജീവമാണ്. വെൻസെക് അഡ്മിനിസ്ട്രേറ്റർ ജിബു റ്റി ജോൺ , സെൻസിലാൽ എന്നിവരാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിവരുന്നു.