റോഡിലെ പൊടിപടലം രോഗം വിതയ്ക്കുന്നതായി പരാതി

09:35 PM Feb 13, 2017 | Deepika.com
ഏന്തയാർ: തകർന്ന റോഡിലെ പൊടിപടലം രോഗം വിതയ്ക്കുന്നതായി പരാതി. കൊക്കയാർ പഞ്ചായത്തിലെ ഏന്തയാർ – വടക്കേമല റോഡിലെ പൊടിപടലം മൂലം സമീപവാസികൾ രോഗികളാവുന്നതായാണ് പരാതി. ഇതു സംബന്ധിച്ചു റോഡരികിലെ താമസക്കാരിയും വീട്ടമ്മയുമായ വടക്കേൽ അമ്പിളി സുനിലാണ് മുഖ്യമന്ത്രി, ജില്ലാ കളക്ടർ, മറ്റ് ഉയർന്ന ഉദ്യോഗസ്‌ഥർ എന്നിവർക്കു പരാതിനൽകിയത്.

ദീർഘകാലമായി യാത്രാ ദുരിതമനുഭവിക്കുന്ന മേഖലയാണ് വടക്കേമല. ഇതിനിടയിൽ നാലുവർഷം മുമ്പ് മേഖലയിലുണ്ടായ ഉരുൾ പൊട്ടലിൽ റോഡ് നശിക്കുകയായിരുന്നു. റോഡ് നന്നാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികാരികൾ മാറി മാറി പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഒന്നും നടപ്പായില്ല. തുടർന്നു കേന്ദ്ര സർക്കാരിന്റെ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി നാരകം പുഴ മുതൽ വടക്കേമല വരെ റോഡ് ടാറിംഗ് നടക്കുമെന്ന് അറിയിക്കുകയും നിർമാണജോലി ആരംഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ വർഷം മൂന്നു കഴിഞ്ഞിട്ടും ടാറിംഗ് ജോലി തുടങ്ങിയില്ല എന്നുമാത്രമല്ല ഇപ്പോൾ ഈഭാഗത്തേക്കു ടാറിംഗ് നടത്താൻ ഫണ്ടില്ല എന്നാണ് നേതാക്കൾ പറയുന്നത്. തകർന്ന റോഡിലൂടെ കാൽനടയാത്ര പോലും കഴിയാത്ത സാഹചര്യമാണിപ്പോൾ. കൂടാതെ വേനൽ കനത്തതോടെ പൊടി പടലങ്ങളാൽ ജീവിതം ദുരിത പൂർണമായിരിക്കുന്നുവെന്നാണ് അമ്പിളി നൽകിയ പരാതിയിൽ പറയുന്നത്.

തന്റെ ഒരു വയസുളള കുട്ടിയും വൃദ്ധപിതാവും അടക്കമുളള നാട്ടിലെ മുഴുവൻ ആളുകളും കഷ്‌ടതയിലാണ്. മഴക്കാലമായാൽ ചെളിയും വെള്ളവുമായി അതിലേറെ ദുരിതം അനുഭവിക്കണം. രാവും പകലും വീട്ടിനുളളിൽ മാസ്ക് ഉപയോഗിച്ചാണ് കഴിയുന്നത്. എന്നിട്ടും അലർജി, ആസ്ത്മ രോഗങ്ങൾക്കു ചികിൽസ തേടുന്നവർ നിരവധിയാണ്. അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നു വീട്ടമ്മ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.