കളരിയാമാക്കൽ പാലം: അപ്രോച്ച് റോഡുപണി ഉടൻ ആരംഭിക്കണം

09:35 PM Feb 13, 2017 | Deepika.com
പാലാ: മീനച്ചിൽ പഞ്ചായത്തിലെ പാറപ്പള്ളി കരയെയും പാലാ നഗരസഭയെയും ബന്ധിപ്പിക്കുന്ന കളരിയാമാക്കൽ പാലത്തിന്റെയും ചെക്കുഡാമിന്റെയും നിർമാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിർമാണം ആരംഭിച്ചിട്ടില്ല. അപ്രോച്ച് റോഡിനുള്ള തുക ഉടൻ അനുവദിച്ച് സ്‌ഥലം ഏറ്റെടുക്കണമെന്നും പണികൾ ആരംഭിക്കണമെന്നും കേര ള കോൺഗ്രസ്–എം പാറപ്പള്ളി വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പാലം നിർമാണം പൂർത്തിയായിരുന്നു. റോഡിനായി നഗരസഭയിൽ 12 മീറ്ററും പഞ്ചായത്തിൽ 15 മീറ്ററും വീതിയിൽ സ്‌ഥലമാണ് വേണ്ടത്. ഇതിനായി സ്‌ഥലം ഏറ്റെടുക്കേണ്ടതുണ്ട്. കെ.എം. മാണി എംഎൽഎ പാലാ റിംഗ് റോഡ് പദ്ധതിയിൽപ്പെടുത്തിയാണ് പാലവും ചെക്കുഡാമും നിർമിച്ചത്. സർക്കാർ നിശ്ചയിച്ച വിലയ്ക്ക് സ്‌ഥലം വിട്ടുനൽകാൻ ഭൂവുടമകൾ തയാറായ സ്‌ഥിതിക്ക് എത്രയും വേഗം നടപടികൾ ആരംഭിക്കണെമന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജയിംസ് പുളിക്കത്തടം അധ്യക്ഷത വഹിച്ചു. സേവ്യർ പുല്ലന്താനി, സണ്ണി വെട്ടം, ഉഷ നരേന്ദ്രൻ, നിഷ നിഷാന്ത്, ആന്റോ വെള്ളാപ്പാട്ട്, സതീഷ് തോപ്പിൽ, ജോസ് എഴുത്തുപുരയിൽ, സണ്ണി കാപ്പിപറമ്പിൽ, ജോയി താന്നിക്കൽ എന്നിവർ പ്രസംഗിച്ചു.