കാവശേരി വാഴയ്ക്കച്ചിറയിൽ കുടിവെള്ളക്ഷാമം രൂക്ഷം

08:40 PM Feb 13, 2017 | Deepika.com
ആലത്തൂർ: കാവശേരി പഞ്ചായത്തിലെ വാഴയ്ക്കച്ചിറയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. പ്രദേശത്തെ ജലനിധി പദ്ധതിയിലെ കുഴൽക്കിണറിൽ വെള്ളം താഴ്ന്നതിനെ തുടർന്ന് കഴിഞ്ഞ ഒരുമാസമായി വെള്ളം നല്കാൻ കഴിയാതെ അധികൃതർ വിഷമത്തിലാണ്.

ഇതേ തുടർന്ന് പ്രദേശത്തെ ജനങ്ങൾ കുടിവെള്ളത്തിനായി ആലത്തൂർ പഞ്ചായത്തിലെ പൊതുടാപ്പിനെയാണ് ആശ്രയിക്കുന്നത്. കാവശേരി പഞ്ചായത്തിലെ എട്ടാം വാർഡായ ചുണ്ടക്കാട്ടിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് വാഴയ്ക്കച്ചിറ. എന്നാൽ കാവശേരി പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ വലിയപറമ്പ് കുടിവെള്ളപദ്ധതിയുടെ പൈപ്പ് ഈ വാർഡിന്റെ പകുതി മാത്രമേ എത്തിയിട്ടുള്ളൂ.

ഇത് നീട്ടിയാലും ഇവിടത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാകില്ലെന്നു കരുതുന്നു. ഗായത്രി പുഴയിലെ ആലത്തൂർ പഞ്ചായത്തിന്റെ തടയണയായ ചീരത്തടത്തുനിന്നും ഇവിടേയ്ക്ക് കുടിള്ളെപദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം.

എന്നാൽ ഇതിന് ആലത്തൂർ പഞ്ചായത്ത് കൂടി അംഗീകരിക്കണം. കുറെ വർഷംമുമ്പ് കുഴിച്ചിരുന്ന കുഴൽക്കിണർ കഴിഞ്ഞദിവസം പരിശോധിച്ചെങ്കിലും ഇതിലും കുടിവെള്ളം ലഭിക്കാതായതോടെ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ കുടിവെള്ളത്തിനായി സ്ത്രീകൾ പഞ്ചായത്ത് മെംബറെ തടയുന്ന സ്‌ഥിതിയുണ്ടായെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.ഗായത്രിപ്പുഴയിലെ ചുണ്ടക്കാട് ആനപ്പാറയിൽ നേരത്തേ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാൽ ഇതു നടപ്പായില്ല. ആനപ്പാറയിൽ തടയണയുണ്ടാക്കിയാൽ ഇവിടേയ്ക്ക് പുതിയ കുടിവെള്ളപദ്ധതി നടപ്പാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. പഞ്ചായത്ത് അടിയന്തിരമായി ഇടപെട്ട് ടാങ്കറുകളിലെങ്കിലും കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.