തിരുവിഴാംകുന്ന് ഫാമിൽ കന്നുകാലികൾക്ക് വീണ്ടും മാൾട്ടപ്പനി

08:40 PM Feb 13, 2017 | Deepika.com
മണ്ണാർക്കാട്: കേരള വെറ്ററിനറി സർവകലാശാലയുടെ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ വീണ്ടും മാൾട്ടപ്പനി. കഴിഞ്ഞദിവസം അഞ്ചു കന്നുകാലികളെയാണ് ഇവിടെ ദയാവധത്തിനു വിധേയമാക്കിയത്.

ഏതാനുംമാസങ്ങൾക്കുമുമ്പ് മാൾപ്പനിയെ തുടർന്ന് ഫാമിൽനിന്നും രോഗം ബാധിച്ച 94 ഉരുക്കളെ ദയാവധം ചെയ്തിരുന്നു. ജില്ലാ മെഡിക്കൽ സംഘത്തിന്റെയും അലനല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും ഫാമിലെ തൊഴിലാളികളുടെയും നേതൃത്വത്തിലാണ് വിദഗ്ധസംഘം ഇന്നലെ മരുന്നുകുത്തിവച്ച് നാലുപശുക്കളെയും ഒരു എരുമയേയും ദയാവധത്തിന് വിധേയമാക്കിയത്.

ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ടെുവിലാണ് സെപ്റ്റംബറിൽ 94 ഉരുക്കളെ ദയാവധത്തിലൂടെ കൊന്നത്. അന്നു രോഗബാധ പൂർണമായും ഉന്മൂലനം ചെയ്തുവെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്.

ഫാമിലെ ജീവനക്കാരിലേക്കു രോഗം പടരുമോയെന്ന ഭീതിയും നിലനില്ക്കുന്നു. ഈ സാഹചര്യത്തിൽ ഫാമിലെ കന്നുകാലികളുടെ രോഗാവസ്‌ഥ പൂർണമായും മാറിയാൽ മാത്രമേ പുതിയ കാലികളെ ഫാമിൽ പ്രവേശിപ്പിക്കാനാകൂ.

രോഗബാധയുള്ള ഉരുക്കളെ പ്രത്യേക ഷെഡിലാക്കി മാറ്റി പാർപ്പിക്കുകയും പ്രത്യേക പരിചരണം നല്കുകയും ചെയ്യാറുണ്ടെന്ന് തിരുവിഴാംകുന്ന് ഫാം മേധാവി ഷിബു സൈമൺ പറഞ്ഞു. മാൾട്ടപ്പനി വീണ്ടും കണ്ടതിനെ തുടർന്ന് ഫാമിലെ ജീവനക്കാർ ആശങ്കയിലാണ്.