അരമനപ്പാറ കുടിവെള്ള പ്രശ്നം:തൊഴിലാളികൾ റോഡ് ഉപരോധിച്ചു

08:40 PM Feb 13, 2017 | Deepika.com
രാജാക്കാട്: അരമനപ്പാറ കുടിവെള്ള പ്രശ്നം വീണ്ടും വിവാദത്തിലേക്ക്. സബ് കളക്ടറുടെ ഉത്തരവിനെതുടർന്ന് നാട്ടുകാർ വെള്ളമെടുക്കാൻ തുടങ്ങിയതോടെ തങ്ങൾക്ക് കുടിവെള്ളം ഇല്ലെന്നാരോപിച്ച് അരമാനപ്പാറ എസ്റ്റേറ്റിലെ നൂറോളം തൊഴിലാളികൾ പണിമുടക്കി റോഡ് ഉപരോധിച്ചു. കുടിവെള്ളം കിട്ടാതെ സമരത്തിൽനിന്നും പിൻമാറില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ.

മൂന്നുദിവസം മുമ്പാണ് ദേവികുളം സബ് കളക്ടറുടെ ഉത്തരവിനെതുടർന്ന് കുളത്തിൽ ഹോസ് സ്‌ഥാപിച്ച് മുട്ടുകാട് നിവാസികൾ കുളത്തിൽ നിന്നും വെള്ളമെടുക്കുവാൻ തുടങ്ങിയത്. എന്നാൽ ഇതിനുശേഷം തങ്ങൾക്ക് വെള്ളം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കുടിവെള്ളം ലഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളടക്കമുള്ള നൂറോളം തൊഴിലാളികൾ പണമുടക്കി ഖജനാപ്പാറ– മുട്ടുകാട് റോഡ് ഉപരോധിക്കുകയായിരുന്നു.രണ്ടുതലമുറയായി എസ്റ്റേറ്റിൽ താമസിച്ച് ജോലി ചെയ്തുവരുന്ന തങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് ഈ കുളത്തെയാണെന്നും വെള്ളംകിട്ടാതെ സമരത്തിൽനിന്നും പിന്മാറില്ലെന്നും തൊഴിലാളികൾ പറഞ്ഞു.

എസ്റ്റേറ്റിനുള്ളിലെ കുളത്തിൽനിന്നും മുട്ടുകാട് നിവാസികൾക്ക് വെള്ളം നൽകുന്നത് ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ വ്യക്‌തിപരമായ താൽപര്യമാണെന്നും തൊഴിലാളികൾ ആരോപിച്ചു. അറുപതിലധികം വരുന്ന തൊഴിലാളികൾക്ക് വെള്ളമില്ലാതായ സാഹചര്യത്തിൽ ഇതിനെതിരേ ജില്ലാ കളക്ടർക്ക് പരാതി നൽകുവാൻ ഒരുങ്ങുകയാണ് തോട്ടം ഉടമയും തൊഴിലാളികളും.