കേരള കോൺഗ്രസ്–എം നടത്തുന്നത് പ്രായശ്ചിത്ത സമരം: കർഷകസംഘം

08:40 PM Feb 13, 2017 | Deepika.com
കട്ടപ്പന: അധികാരത്തിലിരിക്കുമ്പോൾ കർഷകർക്കെതിരെ മുഖം തിരിക്കുകയും പ്രതിപക്ഷത്തിരിക്കുമ്പോൾ കർഷകസ്നേഹം നടിക്കുകയും ചെയ്യുന്ന കേരള കോൺഗ്രസ്–എം നടത്തുന്നത് യുഡിഎഫ് ഭരണകാലത്ത് ചെയ്തുകൂട്ടിയ പാപങ്ങളുടെ കറ കഴുകിക്കളയാനുള്ള പ്രായശ്ചിത്ത സമരമാണെന്ന് കേരള കർഷകസംഘം ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.

കസ്തൂരിരംഗൻ, മാധവ് ഗാഡ്ഗിൽ റിപ്പോർട്ടുകൾ പശ്ചിമഘട്ടത്തിലെ ജനങ്ങളുടെമേൽ യുപിഎ ഗവൺമെന്റ് അടിച്ചേൽപിച്ചപ്പോൾ അധികാരത്തിൽ തുടരുന്നതിനുവേണ്ടി മൗനംപാലിക്കുകയും റിപ്പോർട്ടുകൾക്ക് പിന്തുണ നൽകുകയും ചെയ്തവരാണ് സമരവുമായി ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്. 24 മണിക്കൂർ ഉപവാസംകൊണ്ട് തീരാവുന്ന പാപമല്ല ഇവർ ചെയ്തിട്ടുള്ളത്. കർഷകരുടെ ഭൂനികുതി ഇരട്ടിയിലധികമായി വർധിപ്പിച്ചതും കാർഷിക വൈദ്യുതിക്കുള്ള ചാർജ് മൂന്നിരട്ടിയിലധികമായി വർധിപ്പിച്ചതും വൈദ്യുതി സബ്സിഡി എടുത്തുകളഞ്ഞതും കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയാണ്.

രണ്ട് എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ ഉമ്മൻചാണ്ടി മന്ത്രിസഭ നിലകൊണ്ടപ്പോൾ കേരളകോൺഗ്രസ്–എം ആവശ്യപ്പെടുന്ന ഏതു കാര്യവും നടക്കാൻ സാഹചര്യമുണ്ടായിരിക്കെ കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ നിലപാടെടുക്കാൻ കെ.എം. മാണിക്കും പി.ജെ. ജോസഫിനും കഴിഞ്ഞില്ല. വനംവകുപ്പിനെക്കൊണ്ട് ഭൂപടവും റിപ്പോർട്ടും തയാറാക്കി കർഷക പ്രദേശമാകെ വനഭൂമിയാണെന്നു കാണിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയപ്പോഴും കേരള കോൺഗ്രസ്–എം മൗനം തുടരുകയായിരുന്നു. പട്ടയം നൽകിയ പ്രദേശങ്ങൾ വനപ്രദേശമാണെന്നുകാണിച്ച് ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയപ്പോഴും 16 ഉപാധികളുള്ള പട്ടയം അടിച്ചേൽപിച്ചപ്പോഴും വായടഞ്ഞുപോയവർ പ്രതിപക്ഷത്തായപ്പോൾ കർഷകസ്നേഹവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതിന്റെ പിന്നിലെ കാപട്യവും ചതിയും കർഷകർ തിരിച്ചറിയുമെന്നും നേതാക്കൾ പറഞ്ഞു. കർഷകസംഘം ജില്ലാപ്രസിഡന്റ് സി.വി. വർഗീസ്, സെക്രട്ടറി എൻ.വി. ബേബി, ട്രഷറർ എൻ. ശിവരാജൻ, ജില്ല കമ്മിറ്റിയംഗങ്ങളായ മാത്യു ജോർജ്, വി.കെ സോമൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.