അധ്യാപകർ ധാർമികതയുടെ ചാലകശക്‌തിയാകണം:മാർ മാത്യു ആനിക്കുഴിക്കാട്ടിൽ

08:40 PM Feb 13, 2017 | Deepika.com
ചെറുതോണി: ആധുനിക ലോകത്ത് ധാർമികതയുടെ കണികകൾ നഷ്ടപ്പെടുന്നുവെന്നും നഷ്ടമാകുന്ന ധാർമിക മൂല്യങ്ങൾ പുതുതലമുറയ്ക്ക് പകർന്നുകൊടുക്കാൻ അധ്യാപകർക്ക് കടമയുണ്ടെന്നും ഇടുക്കി രൂപത മെത്രാൻ മാർ മത്യു ആനിക്കുഴിക്കാട്ടിൽ. ഇടുക്കി രൂപത കാത്തലിക്ക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ രാജമുടിയിൽ നടന്ന അധ്യാപക, അനധ്യാപക സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.

നവ മാധ്യമങ്ങളും ജീവിത ശൈലികളും വിദ്യാർഥികളെയും യുവജനങ്ങളെയും ഏറെ സ്വാധീനിക്കുന്നുണ്ട്. ഇവയുടെ സ്വാധീനങ്ങൾ മാനവിക മൂല്യങ്ങൾക്ക് ഭംഗംവരുത്താൻ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ കുട്ടികളിൽ ദിശാബോധം നൽകുന്നതിനും ലക്ഷ്യബോധമുള്ളവരായി കുട്ടികളെ വളർത്തുന്നതിനും മാതാപിതാക്കളെപ്പോലെതന്നെ അധ്യാപകരും ബദ്ധശ്രദ്ധരായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായിരുന്നു. സത്യത്തിൽ ചരിക്കുകയും സത്യം പ്രചരിപ്പിക്കുകയും സത്യത്തിൽ ജീവിക്കുകയും ചെയ്യുന്നവനാണ് യഥാർഥ അധ്യാപകനെന്ന് അദ്ദേഹം പറഞ്ഞു. ഗുരു വെളിച്ചമാണ്. ആ വെളിച്ചം കുരുന്നുകൾക്ക് പകർന്നുനൽകുകയാണ് അധ്യാപക ധർമമെന്നും കുര്യൻ ജോസഫ് പറഞ്ഞു.

ജോയ്സ് ജോർജ് എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, രൂപത വികാരി ജനറാൾ മോൺ. ജയിംസ് മംഗലശേരിൽ, വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ, ഫാ. ബെന്നോ പുതിയാപറമ്പിൽ, ഫാ. ജയിംസ് പാലക്കാമറ്റം, ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികളായ ബിനോയി മഠത്തിൽ, സിബി വലിയമറ്റം, വി.വി. ലൂക്കാ, സണ്ണി ജോർജ്, ലിസി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

അധ്യാപക അവാർഡ് ജേതാക്കളായ ഫാ. ജയിംസ് പാലക്കാമറ്റം, ടി.കെ. കുര്യൻ, ടോമി മൈക്കിൾ, വി.എ. റോസമ്മ, ജോസ് ജോൺ, സംസ്‌ഥാന അധ്യാപക അവാർഡു ജേതാക്കളായ സണ്ണി ജോർജ്, റെജി ജോസഫ് എന്നിവർക്കും ബിഷപ് അവാർഡുകൾ സമ്മാനിച്ചു.