മാതാവിന്റെ ഗ്രോട്ടോ നാടിന്അനുഗ്രഹം: മാർ മഠത്തിക്കണ്ടത്തിൽ

08:40 PM Feb 13, 2017 | Deepika.com
ചെപ്പുകുളം: പരിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ഗ്രോട്ടോ നാടിനും ഇടവകയ്ക്കും അനുഗ്രഹം ചൊരിയുമെന്നു കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.

ചെപ്പുകുളം സെന്റ് തോമസ് പള്ളി നിർമിച്ച മാതാവിന്റെ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കർമം നിർവഹിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്. മാതാവിനെ വിളിച്ചപേക്ഷിക്കുന്ന മക്കൾക്ക് ഐശ്വര്യ നിറവ് ഉണ്ടാകും. പ്രാർഥിക്കുന്ന ഒരു ജനതയാണ് ഒരു നാടിന്റെ ശക്‌തിയെന്നും ബിഷപ് പറഞ്ഞു. രൂപത ചാൻസലർ റവ.ഡോ. ജോർജ് തെക്കേക്കര, സെക്രട്ടറി ഫാ. മാത്യു കിഴക്കേടത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. വികാരി റവ.ഡോ. ജിയോ തടിക്കാട്ട്, ട്രസ്റ്റിമാരായ ജിബോയിച്ചൻ വടക്കൻ, സജീവ് ചെറുനിലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

ഇടവകാംഗമായ ശിൽപി ജോമോൻ കണ്ടത്തിലാണ് സൗജന്യമായി ഗ്രോട്ടോ നിർമിച്ചത്. ജോസ് പുളിങ്കുന്നേൽ ഉൾപ്പെടെയുള്ള ഇടവകാംഗങ്ങളുടെ സഹായവും ലഭിച്ചിരുന്നു. ജോമോനെ ബിഷപ് ചടങ്ങിൽ ആദരിച്ചു.