ന്യൂമാൻ കോളജിൽ ബജറ്റ് അവലോകനം നടത്തി

08:40 PM Feb 13, 2017 | Deepika.com
തൊടുപുഴ: സാമ്പത്തിക പരിഷ്ക്കാരങ്ങളിലൂന്നിയ ബജറ്റാണ് ഇത്തവണ അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ചതെന്നു കൊച്ചിയിലെ സെന്റർ ഫോർ പബ്ലിക് പോളിസി റിസേർച്ചിലെ സാമ്പത്തിക വിദഗ്ധനും മഹാരാജാസ് കോളജിലെ മുൻ സാമ്പത്തിക ശാസ്ത്ര വകുപ്പ് മേധാവിയുമായ ഡോ. മാർട്ടിൻ പാട്രിക്.

ന്യൂമാൻ കോളജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ബജറ്റ് അവലോകനത്തിൽ പ്രസംഗിക്കുകയായിരുന്നു അദേഹം. സർക്കാർ പൊതുചെലവുകൾ കുറച്ചുകൊണ്ടിരിക്കുകയാണ്. കാർഷികമേഖലയ്ക്കും ഗ്രാമീണ മേഖലയ്ക്കും പ്രധാന്യം നൽകിയെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും അതിലേക്കു നീക്കിവച്ചിരിക്കുന്ന തുക മുൻ വർഷങ്ങളെ അപേക്ഷിച്ചു കുറവാണ്. കൃഷിക്കാരുടെ വരുമാന വർധനവ് ലക്ഷ്യമിടുന്നുണ്ടെങ്കിലും അതു നേടിയെടുക്കാനാവശ്യമായ പദ്ധതികൾ അപര്യാപ്തമാണ്.

നോട്ട് പിൻവലിക്കൽ മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങളും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്കിൽ ഉണ്ടാവാൻ സാധ്യതയുള്ള ഇടിവും പരിഹരിക്കാൻ പര്യാപതമായ പ്രായോഗിക നിർദേശങ്ങൾ ബജറ്റിൽ ഇല്ലെന്നും അദേഹം അഭിപ്രായപ്പെട്ടു. കോളജ് പ്രിൻസിപ്പൽ റവ.ഡോ. വിൻസെന്റ് നെടുങ്ങാട്ട്, വൈസ് പ്രിൻസിപ്പൽ റവ.ഡോ. മാനുവൽ പിച്ചളക്കാട്ട്, സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. സെലിൻകുട്ടി മാത്യു, മുൻ മേധാവി ഡോ. കെ.ജെ. കുര്യൻ, കോ–ഓർഡിനേറ്റർ സേവ്യർ കുര്യൻ എന്നിവർ പ്രസംഗിച്ചു.