പദ്ധതികൾ നടപ്പാക്കുന്നതിൽ ജനപ്രതിനിധികൾ വീഴ്ചവരുത്തിയാൽ ജനം പാഠം പഠിപ്പിക്കും: മന്ത്രി

08:39 PM Feb 13, 2017 | Deepika.com
ആലപ്പുഴ: സർക്കാർ നടപ്പാക്കുന്ന ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുന്നതിൽ ജനപ്രതിനിധികൾ വീഴ്ച വരുത്തിയാൽ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ജില്ലയിലെ നഗരങ്ങളിൽ നടപ്പാക്കുന്ന വെളിയിട വിസർജന വിമുക്‌ത പദ്ധതി (ഒഡിഎഫ്) അവലോകനം ചെയ്യാനായി കളക്ടറേറ്റിൽ കൂടിയ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഒഡിഎഫ് പദ്ധതി നിർവഹണത്തിൽ ആലപ്പുഴ നഗരസഭയുടെ പുരോഗതി ആറു ശതമാനമാണ്. നഗരസഭയിൽ 448 കക്കൂസുകളാണ് നിർമിക്കേണ്ടത്. ഇതിൽ 25 എണ്ണം മാത്രമാണ് പൂർത്തീകരിച്ചത്. നഗരസഭയുടെ ഇക്കാര്യത്തിലുള്ള നിസഹകരണം സർക്കാർ ഗൗരവത്തോടെ കാണുമെന്നും മന്ത്രി വ്യക്‌തമാക്കി. 423 കക്കൂസുകളുടെ നിർമാണം പുരോഗതിയിലാണെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു.

ഡിസംബർ അവസാനത്തോടെയാണ് പ്രവൃത്തികൾ ആരംഭിച്ചതെന്നും രണ്ടാം ഗഡു നൽകാനുള്ള നടപടിയായതായും സെക്രട്ടറി പറഞ്ഞു. 28നു മുമ്പ് ആലപ്പുഴ നഗരസഭയിലെ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി സെക്രട്ടറിക്കു നിർദേശം നൽകി. 25നു ഓരോ വാർഡിലും നടന്ന പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർക്കു നൽകാനും മന്ത്രി നിർദേശിച്ചു. വാർഡുകളിലെ എല്ലാ വീടുകളിലും കക്കൂസ് നൽകാൻ സർക്കാർ തയാറാകുമ്പോൾ ലഭ്യമാക്കി നൽകേണ്ടത് കൗൺസിലർമാരുടെ ഉത്തരവാദിത്തമാണ്. ഉദാസീനത പാടില്ല. ആലപ്പുഴ നഗരസഭയുടെ ഒഡിഎഫ് പദ്ധതി നിർവഹണം അവലോകനം ചെയ്യാൻ കളക്ടർ പ്രത്യേക യോഗം വിളിക്കാനും മന്ത്രി നിർദേശിച്ചു. പദ്ധതി നടപ്പാക്കലിൽ രാഷ്ട്രീയമില്ല. ചേർത്തലയിൽ 83 ശതമാനം പൂർത്തീകരിച്ചുകഴിഞ്ഞു. ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര നഗരസഭകൾ 100 ശതമാനമെന്ന നേട്ടം കൈവരിച്ചു. കായംകുളവും ഉടൻ നേട്ടം കൈവരിക്കും. 28നു മുമ്പ് ജില്ലയിലെ നഗരസഭകളെ ഒഡിഎഫ് ആക്കുമെന്നും മന്ത്രി പറഞ്ഞു.

നഗരസഭകളിൽ ഒഡിഎഫ് പദ്ധതി പ്രകാരം ആകെ 1742 കക്കൂസുകളാണ് നിർമിക്കേണ്ടത്. 1129 കക്കൂസുകളുടെ നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞു. ഹരിപ്പാട് 111–ഉം ചെങ്ങന്നൂരിൽ 108–ഉം മാവേലിക്കരയിൽ 258 കക്കൂസുകളുമാണ് നിർമിച്ചത്. കായംകുളം നഗരസഭയിൽ 247 കക്കൂസുകൾ നിർമിക്കേണ്ട സ്‌ഥാനത്ത് 198 എണ്ണം പൂർത്തീകരിച്ചു. ബാക്കി 49 എണ്ണം 28നു മുമ്പ് പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു. ചേർത്തലയിൽ 471 കക്കൂസുകൾ നിർമിച്ച് 83 ശതമാനവും പൂർത്തിയാക്കി. നഗരസഭകളിലെ കക്കൂസുകൾ ഇല്ലാത്ത എല്ലാ കുടുംബങ്ങൾക്കും കക്കൂസ് ലഭ്യമാക്കുക, തുറന്ന കക്കൂസ് ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സ്വച്ച് ഭാരത് മിഷൻ (അർബൻ) കേന്ദ്ര നഗരവികസന കാര്യ മന്ത്രാലയത്തിലെ നിബന്ധനകൾ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. 15,400 രൂപയാണ് പദ്ധതി വിഹിതമായി ഗുണഭോക്‌താവിനു ലഭിക്കുന്നത്.

എംഎൽഎമാരായ ആർ. രാജേഷ്, കെ.കെ. രാമചന്ദ്രൻ നായർ, കളക്ടർ വീണ എൻ. മാധവൻ, പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി പി.ജി. വിശ്വഭംര പണിക്കർ, ചേർത്തല നഗരസഭാധ്യക്ഷൻ ഐസക് മാടവന, ജനപ്രതിനിധികൾ, ഉദ്യോഗസ്‌ഥർ എന്നിവർ പങ്കെടുത്തു.