കൂത്താട്ടുകുളം: കെഎസ്ടിപിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം എംസി റോഡ് നിര്‍മാണത്തിലെ അപാകതയെതുടര്‍ന്ന് നഗരസഭ ചെയര്മാന് നിര്‍മാണം തടഞ്ഞു. എംസി റോഡ് ടിബി ജംഗ്ഷന് മുതല്‍ മീഡിയ ജംഗ്ഷന് വരെയുള്ള റോഡില്‍ നടക്കുന്ന സോളിംങ്ങ് ജോലികളാണ് തടഞ്ഞത്. ഇന്നലെ രാവിലെ 11.30 ഓടെ സ്ഥലത്തെത്തിയ നഗരസഭാ ചെയര്മാന് പ്രിന്‍സ് പോള്‍ ജോണ്‍ നിര്‍മാണത്തിലെ അപാകത മനസിലാക്കുകയും പണി നിര്‍ത്താന്‍ അവശ്യപ്പെടുകയായിരുന്നു.
ചെയര്മാന് ഇടപെട്ടതോടെ നിര്‍മാണത്തിന് ഉപയോഗിച്ച നിലവാരമില്ലാത്ത മിശ്രിതം കോരി മാറ്റാന്‍ തീരുമാനമയി. ഒരുവശം ടാറിംഗ് പൂർത്തിയായ റോഡ് ശനിയാഴ്ച്ച ഇടിഞ്ഞിരുന്നു. തുടര്‍ന്ന് അനൂപ് ജേക്കബ് എംഎൽഎ സ്ഥലം സന്ദർശിച്ച് ഉടൻ അറ്റകുറ്റപണി നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ടാറിംഗിന്റെ തലേദിവസം ഇതേ സ്ഥലത്ത് കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു.
പൈപ്പിന്റെ അറ്റകുറ്റപണി പൂർത്തീകരിച്ചശേഷം ടാറിംഗ് നടത്തുകയായിരുന്നു. റോഡ് നിർമാണത്തിലെ അപാകതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും പാലിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ പോലും പാലിക്കപ്പെടുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു. കോട്ടയം മുതൽ ചോരക്കുഴിവരെ സൂക്ഷ്മതയോടെയാണ് നിർമാണം നടത്തിയത്. എന്നാൽ ചോരക്കുഴി മുതൽ കരിമ്പനവരെയുള്ള ഭാഗത്തെ നിർമാണം യാതൊരു മാനദണ്ഡവും പാലിക്കാതെയാണെന്നാണ് ആക്ഷേപമുയരുന്നത്.
എംസി റോഡ് നിർമാണത്തിലെ അപാകത: നഗരസഭ ചെയർമാൻ നിർമാണം തടഞ്ഞു
10:50 PM Feb 12, 2017 | Deepika.com