ക്ഷേത്രത്തിനു സമീപം പുല്ലിനു തീപിടിച്ചു
10:50 PM Feb 12, 2017 | Deepika.com
കാലടി: കാലടി പുത്തൻകാവ് ക്ഷേത്രത്തിനു സമീപമുള്ള പാടശേഖരത്തിലെ പുല്ലിനു തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് സംഭവം. പഴകിയ വസ്തുക്കൾ കൂട്ടി തീയിട്ടപ്പോൾ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യവ്യക്തികളുടെ തരിശായി കിടക്കുന്ന പാടത്തെ പുല്ലിനാണ് തീപിടിച്ചത്. കനത്ത ചൂടും കാറ്റും മൂലം തീ പടർന്നു. സമീപമുള്ള വീട്ടുകാർ കാലടി പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അങ്കമാലിയിൽ നിന്നെത്തിയ അഗ്നിശമനസേനയിലെ രണ്ടു യൂണിറ്റും ചേർന്നാണ് തീയണച്ചത്.