സൂര്യപാറയിൽ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി

09:11 PM Feb 12, 2017 | Deepika.com
നെല്ലിയാമ്പതി: നെല്ലിയാംപതി ഗ്രാമപഞ്ചായത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ പദ്ധതിപ്രകാരം നെല്ലിയാമ്പതി മേഖലയിൽ ജോലിചെയ്യുന്ന അന്യസംസ്‌ഥാന തൊഴിലാളികൾക്കുളള സൗജന്യ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൂര്യപാറ എസ്റ്റേറ്റിൽ നടത്തി.

സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് ആറാം വാർഡ് മെംബർ അജിത ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: ജെ.സാജു അധ്യക്ഷത വഹിച്ചു. പബ്ലിക് ഹെൽത്ത് നേഴ്സ് എൻ.ഇന്ദിര പ്രസംഗിച്ചു. തുടർന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരായ ഫിസിഷ്യൻ ഡോ. സുജിത്, ത്വക്ക്രോഗ വിദഗ്ധൻ ഡോ: രാധാകൃഷ്ണൻ എന്നിവർ തമിഴ്നാട്ടിലെ സേലം ജില്ലയിൽ പച്ചമല എന്ന സ്‌ഥലത്തുനിന്നും നാമക്കൽ ജില്ലയിൽ കൊല്ലിമല എന്ന പ്രദേശത്തുനിന്നും കാപ്പിക്കുരു എടുക്കുവാൻ വന്നിട്ടുളള മുഴുവൻ തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും പരിശോധിച്ചു.

ഫാർമിസസ്റ്റ് ആർ.സന്തോഷ് രവി മരുന്നുവിതരണം നടത്തി. ക്യാമ്പിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ഷിബു, സീനിയർ ക്ലാർക്ക് കെ.പ്രദീപ്കുമാർ, സ്കൂൾ ഹെൽത്ത് ജെ.പി.എച്ച്.എൻ പ്രസീത എന്നിവരും പങ്കെടുത്തു. പരിശോധനയിൽ പകർച്ചവ്യാധികൾ ഒന്നും തന്നെ കണ്ടെത്തിയില്ല.ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് ആർ.ഷാഹിന സ്വാഗതവും ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെ.ആരോഗ്യം ജോയ്സൺ നന്ദിയും പറഞ്ഞു.