കാട്ടുപന്നിയെ പിടികൂടി മാംസവില്പന നടത്തുന്ന സംഘങ്ങൾ വിലസുന്നു

09:11 PM Feb 12, 2017 | Deepika.com
വടക്കഞ്ചേരി: പൊന്തക്കാടുകൾ തീയിട്ടും കുടുക്കുവച്ചും കാട്ടുപന്നികളെ പിടികൂടി മാംസവില്പന നടത്തുന്ന സംഘങ്ങൾ തേനിടുക്ക് ഭാഗത്ത് പ്രവർത്തിക്കുന്നതായി പരാതി. ചെറിയ കുറ്റിക്കാടുകളുടെ സമീപത്തെ വേലികളിലാണ് പല ഭാഗത്തായി കുടുക്കും കെണികളും വയ്ക്കുന്നത്.

പകൽസമയം പൊന്തക്കാട്ടിലും മടകളിലും കഴിയുന്ന കാട്ടുപന്നികളെ പ്രദേശത്ത് തീയിട്ടാണ് തുരത്തുക.

തീപടരുന്നതോടെ ഇവ കൂട്ടമായി ഓടി കെണിയിൽപ്പെടും. തോട്ടമുടമകൾപോലും അറിയാതെയാണ് ഇത്തരം കെണികൾ ഒരുക്കുന്നത്. കെണിയിൽപെട്ട് പിടയുന്ന പന്നിയെ സംഘം ഓടിയെത്തി വകവരുത്തും. സ്‌ഥലത്തുതന്നെ മാംസമാക്കി വില്പനയ്ക്ക് തയാറാക്കാനുള്ള സംവിധാനങ്ങളുമുള്ളതായി പറയുന്നു.

കഴിഞ്ഞദിവസം പകൽസമയത്ത് ആളൊഴിഞ്ഞ തോട്ടത്തിനടുത്ത് പന്നി കമ്പിവേലിയിൽ കുടുങ്ങി ചത്തിരുന്നു. മൂന്നുവയസു പ്രായമുള്ള പെൺപന്നിയാണ് ചത്തത്. വനപാലകരെത്തി പരിശോധിച്ച് പോസ്റ്റുമോർട്ടത്തിനുശേഷം ജഡം മറവുചെയ്തു.പന്നികളെ പിടികൂടുന്ന സംഘം പലഭാഗത്തുമുള്ളതായി വിവരമുണ്ടെന്നും അന്വേഷണം നടത്തുകയാണെന്നും വടക്കഞ്ചേരി ഫോറസ്റ്റർ ശശികുമാർ പറഞ്ഞു.