മാലിന്യം പെരുകുന്നു, തോടുകൾ ചീഞ്ഞുനാറുന്നു

09:10 PM Feb 12, 2017 | Deepika.com
തുറവൂർ:തീരദേശ മേഖലയിൽ പള്ളിത്തോട്ടിലെ തോടുകൾ ചീഞ്ഞു നാറുന്നു. നടപടി എടുക്കാതെ അധികൃതർ. തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിലെ തിരദേശ മേഖലയിലെ ഗതാഗത തോടുകളും, ഇവയുടെ കൈത്തോടുകളുമാണ് മാലിന്യങ്ങൾ നിറഞ്ഞു ചീഞ്ഞുനാറുന്നത്. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ പൊഴിച്ചാൽ റോഡുമുക്ക് കാക്കശേരി പൊഴിച്ചാൽ തോടു മാലിന്യങ്ങൾ നിറഞ്ച് രോഗങ്ങളുടെ പ്രഭാവ കേന്ദ്രമായിരിക്കുകയാണ്. ഫ്രണ്ട്സ് ബസ് സ്റ്റോപ്പിനു സമീപം പ്രവർത്തിക്കുന്ന മത്സ്യസംസ്കരണ ശാലയിൽ നിന്നടക്കം ഖര– ദ്രവ മാലിന്യങ്ങൾ തോട്ടിലേക്കു ഒഴുക്കിവിടുന്നതാണ് ഇപ്പോഴത്തെ ദുരവസ്‌ഥയ്ക്കു കാരണം.

പ്രദേശവാസികൾ നിരവധി പരാതികൾ നൽകിയിട്ടും ഇതിനെതിരെ യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. കാക്കശേരി പൊഴിച്ചാൽ തോടിന്റെ കുരിശിങ്കൽ ഭാഗത്തു പാലം നിർമിക്കാൻ ഒരു വർഷം മുമ്പു നിർമിച്ച ബണ്ടുപൊളിച്ചു നീക്കാത്തതു പ്രദേശത്തെ ജനജീവിതം ദുഃസഹമാക്കിയിട്ടുണ്ട്. മാലിന്യങ്ങളുടെ രൂക്ഷത മൂലം പ്രദേശത്തെ കണ്ടൽചെടികളും പൂർണമായി നശിച്ചു. കൊതുകൾ പെരുകുകയും, ത്വക്രോഗവും ശ്വാസകോശ രോഗവും, പകർച്ചവ്യാധികളും മൂലം പലരും ബുദ്ധിമുട്ടുന്നുമുണ്ട്. ആറു മീറ്ററിലധികം വീതിയുണ്ടായിരുന്ന ഈ തോട് നിലവിൽ രണ്ടു മീറ്റർ വീതി പോലും ഇല്ലാത്ത അവസ്‌ഥയിലുമാണ്. തുടർച്ചയായി ഗ്രാമസഭകളിൽ ഈ പ്രശ്നം അവതരിപ്പിച്ചിട്ടും, 2014ൽ കോടതി നിർദേശമുണ്ടായിട്ടും തുറവൂർ പഞ്ചായത്ത് അധികൃതർ യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. രണ്ടു വർഷം മുമ്പ് തോടുകൾ ആഴം കൂട്ടി ശുദ്ധീകരിച്ച് ഗതാഗതയോഗ്യമാക്കുമെന്ന് കഴിഞ്ഞ ഭരണ സമിതി പ്രഖ്യാപിക്കുകയും ഇതിനായി പഞ്ചായത്ത് ഉദ്യോഗസ്‌ഥരെത്തി പരിശോധന നടത്തി എസ്റ്റിമേറ്റ് തയാറാക്കിയതുമാണ്. പിന്നീട് ഇതിൽ യാതൊരുവിധ നടപടിയും ഉണ്ടായില്ല.