അപകട ഭീഷണിയുയർത്തി തടി ലോറികളുടെ പാച്ചിൽ

09:10 PM Feb 12, 2017 | Deepika.com
ആലപ്പുഴ: അനുവദനീയമായതിലും കൂടുതൽ ഭാരവുമായുള്ള വാഹനങ്ങളുടെ സഞ്ചാരം അപകട ഭീഷണിയുയർത്തുന്നു. അമിത ഭാരം കയറ്റിയുള്ള തടി ലോറികളുടെ സഞ്ചാരമാണ് ദേശീയ പാതയിൽ മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നത്. സമീപകാലത്തായി നിരവധി അപകടങ്ങളാണ് ഇത്തരം ലോറികൾ മൂലം ഉണ്ടായിരിക്കുന്നത്. നിയന്ത്രണം വിട്ട് മീഡിയനിലേക്കു ലോറി ഇടിച്ചുകയറി മറിഞ്ഞതുമൂലം കഴിഞ്ഞദിവസം പുലർച്ചെ അരൂർ കെൽട്രോൺ കവലയിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ദേശീയ പാതയിൽ ചേർത്തല മുതൽ അരൂർ വരെയുള്ള ഭാഗത്ത് നിരവധി അപകടങ്ങളാണ് ഇതിനോടകം ഇത്തരം വാഹനങ്ങളുണ്ടാക്കിയിരിക്കുന്നത്. 10 ടൺ ഭാരം കയറ്റാനുള്ള അനുമതിയുള്ള വാഹനത്തിൽ 14 ടൺ വരെ കയറ്റിയാണ് സഞ്ചരിക്കുന്നത്.

അമിത ഭാരംമൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുന്നതാണ് അപകടങ്ങൾക്കു കാരണം. ഹൈവേ പോലീസ് ഇത്തരം വാഹനങ്ങളെ പിടികൂടാറുണ്ടെങ്കിലും 500 രൂപയിൽ താഴെമാത്രം പിഴയടച്ചാൽ ഇവർക്കു രക്ഷപ്പെടാൻ കഴിയും. മോട്ടോർ വാഹന വകുപ്പിനാണ് ഇത്തരം വാഹനങ്ങളുടെ സഞ്ചാരത്തിന് കൂടുതൽ ശക്‌തമായ നടപടി സ്വീകരിക്കാൻ കഴിയുക. അനുവദനീയമായതിലും കൂടുതൽ ഭാരം കയറ്റിയാണ് വാഹനം സഞ്ചരിക്കുന്നതെങ്കിൽ അധികമായുള്ള ആദ്യ ടണ്ണിനു 2000 വും പിന്നീടുള്ള ഓരോ ടണ്ണിനും 1000 രൂപ വീതവുമാണ് മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കുന്നത്.

തടി കയറ്റിവരുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും അനുവദനീയമായതിലും അധികം ഭാരമുണ്ടാകുമെന്നതിനാൽ അധികൃതർ പിടികൂടുമ്പോൾ തന്നെ പിഴ നൽകുകയാണ് പതിവെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. ഇത്തരത്തിൽ അമിത ഭാരം കയറ്റി സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഫിറ്റനസും മോശമാണെന്നും വ്യാപക പരാതിയാണുയർന്നിട്ടുള്ളത്.