ബസിലിക്ക പദവി വിശ്വാസ പാരമ്പര്യത്തിനുള്ള അംഗീകാരമാണെന്ന് കർദിനാൾ

09:10 PM Feb 12, 2017 | Deepika.com
മങ്കൊമ്പ്: പൗരാണികമായ വിശ്വാസ പാരമ്പര്യത്തിനു മാർപാപ്പയിൽ നിന്നും ലഭിച്ച അംഗീകാരമാണ് ബസിലിക്ക പദവിയെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ബസിലിക്കയിൽ എത്തിയ അദ്ദേഹം കുർബാന മധ്യേ സന്ദേശം നല്കുകയായിരുന്നു. ബസിലിക്ക പദവിയിലൂടെ കൂടുതൽ ഉത്തരവാദിത്തങ്ങളാണ് ചമ്പക്കുളം ഇടവകയ്ക്ക് കൈവന്നിരിക്കുന്നത്. ഭൗതികമായി ഉയർന്നു നിൽക്കുന്ന സമൂഹമാണ് എവിടെയും. അതിൽ നിന്നും വ്യതിചലിച്ച് സമൂഹത്തിനു കൂടുതൽ നന്മ പ്രദാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു

കുർബാനയ്ക്കു ശേഷം ആർച്ച്ബിഷപ് ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്കൂളിനായി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശില വെഞ്ചരിക്കുകയും നിർമാണഫണ്ട് സമാഹരണ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. രാവിലെ കർദിനാളിന് ദർശനസമൂഹത്തിന്റെയും കുടുംബകൂട്ടായ്മ ലീഡേഴ്സിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചാനയിച്ചു. ബസിലിക്ക റെക്ടർ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ. ബിജു മണവത്ത്, കൈക്കാരൻമാരായ തോമസ് മാടമ്മാത്ര, ഷൈൻ ജോസഫ് മായിപ്പറപ്പള്ളിൽ, ജോസുകുട്ടി ചിറയിൽ, നിർമാണ കമ്മിറ്റി കൺവീനർ പ്രഫ. ജോർജ് ജോസഫ് കാട്ടാമ്പള്ളി, സെക്രട്ടറി ആന്റണി ആറിൽചിറ എന്നിവർ നേതൃത്വം നല്കി.