ജനങ്ങളെ ഭീതിയിലാക്കി വീണ്ടും ക്വട്ടേഷൻ സംഘങ്ങൾ

09:09 PM Feb 12, 2017 | Deepika.com
കായംകുളം: ജനങ്ങളെ ഭീതിയിലാക്കി ജില്ലയുടെ തെക്കൻ മേഖലകളിൽ ക്വട്ടേഷൻ സംഘങ്ങൾ വീണ്ടും പിടിമുറുക്കുന്നു. കഴിഞ്ഞ പതിമൂന്ന് ദിവസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി മൂന്നു കൊലപാതകങ്ങളാണ് മേഖലയിൽ അരങ്ങേറിയത്. ഇതിൽ രണ്ടെണ്ണം കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് നടന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നുപേരും യുവാക്കളാണ്. മാരകായുധങ്ങളുമായി വളരെ ആസൂത്രിതമായി വാഹനങ്ങളിൽ എത്തുന്ന സംഘങ്ങൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചശേഷമാണ് കൃത്യം നടത്തുന്നത്. കൊലപാതകങ്ങൾ തുടർക്കഥയായതോടെ ജനനങ്ങളുടെ ഭീതിയും വർധിച്ചിരിക്കുകയാണ്.

ക്വട്ടേഷൻ സംഘങ്ങളെ അമർച്ച ചെയ്യാൻ പോലീസിനും കഴിയുന്നില്ലെന്നതാണ് പ്രധാന ആക്ഷേപം. മൂന്നുകൊലപാതകങ്ങളും അരങ്ങേറിയത് ഹരിപ്പാട്, കായംകുളം മേഖലകളിലാണ്. ഹരിപ്പാട് കരുവാറ്റയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഉല്ലാസ് വെട്ടേറ്റു മരിച്ചതാണ് ആദ്യത്തെ സംഭവം. ഫെബ്രുവരി ഒന്നിനായിരുന്നു ഈ സംഭവം അരങ്ങേറിയത്. ഈ കൊലപാതകത്തിലെ പ്രതികൾക്കു വേണ്ടി പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഫെബ്രുവരി പത്തിനു വീണ്ടും ബൈക്കിലെത്തിയ സംഘം യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നത്. ഡിവൈഎഫ്ഐ കരുവാറ്റ നോർത്ത് മേഖലാ ജോയിന്റ് സെക്രട്ടറി കരുവാറ്റ ജിഷ്ണു ഭവനത്തിൽ ജിഷ്ണു(24)ആണ് കൊല്ലപ്പെട്ടത്. മുഖം മറച്ചെത്തിയ പത്തോളം വരുന്ന സംഘം ജിഷ്ണുവിനെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറും മുമ്പെയാണ് ജില്ലയിൽ തന്നെ വീണ്ടുംഅടുത്ത കൊലപാതകം അരങ്ങേറിയത്.

കാറിലെത്തിയ ക്വട്ടേഷൻ സംഘം യുവാവിനെ റോഡരികിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. കായംകുളം കണ്ടല്ലൂർ തെക്ക് ശ്രാവണ സദനത്തിൽ സുമേഷ് (30 )നെ ആണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കണ്ടല്ലൂർ കളരിക്കൽ ജംഗ്ഷനു സമീപം വച്ച് സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന സുമേഷിനെ കാറിലെത്തിയ അഞ്ചോളം വരുന്ന സംഘം ഓടിച്ചിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. സമീപത്തെ വയലിലേക്കു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം പിന്തുടർന്നു വെട്ടി. പിന്നീട് സംഘം കാറിൽ രക്ഷപ്പെട്ടു.

നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ സുമേഷ് ഗുണ്ടാനിയമ പ്രകാരം റിമാൻഡിലായിരുന്നു കഴിഞ്ഞ മാസമാണ് ഇയാൾ പുറത്തിറങ്ങിയത് മുൻവൈരാഗ്യത്തിന്റെ പേരിൽ സുമേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.

ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ് മാർട്ടം നടത്തിയ ശേഷം സുമേഷിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഫോറൻസിക്, വിരലടയാള വിദഗ്ധർ സംഭവ സ്‌ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെ കണ്ടെത്താൻ കായംകുളം ഡിവൈഎസ്പി രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ജില്ലയുടെ തെക്കൻ മേഖലയിൽ ക്വട്ടേഷൻ ആക്രമണങ്ങൾ വ്യാപകമാകുമ്പോഴും പോലീസിന്റെ പ്രവർത്തനം കാര്യക്ഷമമല്ല എന്ന വിമർശനവും ശക്‌തമാണ്.